തിരുവനന്തപുരം: വയനാട്ടിൽ ഭീതി പരത്തിയ പുലിയെ പിടികൂടി നെയ്യാർഡാം വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സിംഹ സഫാരി പാർക്കിൽ എത്തിച്ചു. പുലിക്ക് ഏഴ് വയസുണ്ട്. ബത്തേരി ചെതലയം മാതമംഗലത്തുള്ള ബൊമ്മൻ കോളനിയിൽ നിന്ന് പിടിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ തുറന്ന് വിട്ട പുലി വീണ്ടും ജനവാസകേന്ദ്രത്തിൽ ഇറങ്ങിയതായി നാട്ടുകാർ അറിയിച്ചതിനെതുടർന്ന് വനപാലക സംഘം പുലിയെ മയക്കു വെടിവെച്ച് പിടികൂടുകയായിരുന്നു. പൊൻകുഴി ഗോത്ര കോളനിയിൽ ആദിവാസിയുടെ വീടിനു മുന്നിൽ കിടന്ന പുലിയെ വീണ്ടും മയക്കു വെടിവച്ച് പിടികൂടുകയായിരുന്നു.തുടർന്നാണ് സിംഹ സഫാരി പാർക്കില്‍ എത്തിച്ചത്.
മാതമംഗലത്തെ ജനവാസ മേഖലയിലാണ് ആണ് പുലിയെ ആദ്യം കണ്ടത്. അന്ന് പുലിയെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ പുലിയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കി. കാലിനേറ്റ പരിക്കിന് ചികിത്സ നടത്തിയ പുലിയെ ഉൾക്കാട്ടിൽ തുറന്നു വിട്ടി. എന്നാൽ പുലി മുത്തങ്ങ പൊന്‍കുഴിയിലെ ജനവാസമേഖലയിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു.
വളർത്തു മൃഗങ്ങളെയാണ് പുലി കൂടുതലും ആക്രമിച്ചിരുന്നത്. ഇതിനിടെ കോളനിയിലെ ഒരു യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഒരു തവണ കാട്ടിനുള്ളിൽ വിട്ട പുലി തിരികെ എത്തിയതിനാൽ വീണ്ടും കാട്ടിൽ വിടുന്നത് പ്രായോഗികമല്ല എന്ന് മനസിലാക്കിയാണ് പുലിയെ തിരുവനന്തപുരം നെയ്യാർഡാം സിംഹ സഫാരി പാർക്കിൽ എത്തിക്കാൻ തീരുമാനിച്ചത്.
അതേസമയം സിംഹങ്ങളെ അതിന്റെ ആവാസ വ്യവസ്ഥയിൽ തുറന്നു വിടുന്ന പാർക്കിൽ പുലിയെ തുറന്നു വിടാനാകാത്തത് കൊണ്ടു തന്നെ സിംഹ സഫാരി പാർക്കിൽ എത്തുന്നവർക്ക് പുലിയെ കാണുക പ്രയാസമാണ്. മുമ്പ് ഇത്തരത്തിൽ പിടികൂടി വയനാട് നിന്നും എത്തിച്ച പത്തു വയസുള്ള പെൺ കടുവ ഇവിടുത്തെ അന്തേവാസിയാണ്.