തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ. അൻപത് ഏക്കറോളം വനഭൂമി കത്തി നശിച്ചു. കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
വിതുര യൂണിറ്റിലെ ഫയർഫോഴ്‌സും പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘവും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇടിഞ്ഞാറിൽ നിന്ന് രണ്ട് കിലോമീറ്റർ ഉൾവനത്തിലാണ് കാട്ടുതീ പടരുന്നത്. രാവിലെ 11 മണിയോടെയാണ് കാട്ടുതീ ഉണ്ടായ വിവരം നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നത്.
ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള നടപടികളും ആരംഭിച്ചു. ഉച്ച സമയത്ത് ചൂട് കൂടുതലായതിനാൽ തീ വേഗത്തിൽ പടരുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഫയർ ബ്രേക്കർ ഉപയോഗിച്ചാണ് തീ അണയ്‌ക്കാൻ ശ്രമം നടക്കുന്നത്. മ്ലാവുകൾ കൂടുതലുള്ള വനമേഖലയാണ് ഇടിഞ്ഞാർ.