തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ അതിശക്തമായി ന്യായീകരിച്ച് ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍. പ്രതിപക്ഷത്തിന്‍റെ നിലപാട് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ സഹായിക്കുന്നതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം സംസ്ഥാനത്ത് നിന്ന് പല കാര്യങ്ങള്‍ക്കും സെസ് പിരിക്കുന്നുണ്ടെങ്കിലും ഇതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നും മന്ത്രി വിമർശിച്ചു.
കേരളത്തിനു വിരുദ്ധമായ നിരവധി സാമ്പത്തിക നടപടികള്‍ കേന്ദ്രം ഏര്‍പ്പെടുത്തിയെങ്കിലും ഒന്നിനെ പോലും എതിര്‍ക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. പേരുദോഷം കേള്‍ക്കുമെന്നു കരുതി കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഇടപെടാതിരിക്കാനാകില്ല. കൈയടിക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം യാഥാര്‍ഥ്യ ബോധമാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറിച്ചിട്ടും പ്രതിപക്ഷത്തിന് പ്രതിഷേധമില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച സമരം ഈ സാഹചര്യത്തില്‍ കേന്ദ്രത്തിനു സഹായകമാകുന്നതല്ലേ. ഇപ്പോള്‍ രണ്ട് രൂപ പെട്രോള്‍ ഡീസല്‍ സെസ് വര്‍ധനയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുന്ന പ്രതിപക്ഷം, അധികാരത്തിലിരുന്ന 2011 മുതല്‍ 2015 വരെ 17 തവണ യുഡിഎഫ് ഇന്ധന നികുതി വര്‍ധിപ്പിച്ചു. 2018ല്‍ പിണറായി സര്‍ക്കാരാണ് ഇന്ധന നികുതി കുറച്ചത്. അതിനു ശേഷം ഇന്നുവരെ സംസ്ഥാനം ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും ഇതൊന്നും സമരം പ്രഖ്യാപിച്ചവര്‍ കാണാതെ പോകരുതെന്നും ബജറ്റ് ചര്‍ച്ച ആരംഭിക്കുന്നതിനു തൊട്ടു മുന്‍പായി ധനമന്ത്രി പറഞ്ഞു.
എന്നാല്‍, കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. മഹാമാരിയിലും പ്രളയത്തിലും തകര്‍ന്ന കേരള ജനതയ്ക്ക് ഈ ബജറ്റ് ഇടിത്തീയാണ്. 4000 കോടി രൂപയുടെ അധിക ബാധ്യത ധനമന്ത്രി ജനങ്ങള്‍ക്കുമേല്‍ കെട്ടിവച്ചു. സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ ബജറ്റ് കനത്ത ആഘാതമാണ്. ഇത് പിന്‍വലിക്കുംവരെ പ്രതിപക്ഷം സമരവുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
4 പ്രതിപക്ഷ എംഎല്‍എമാര്‍ സഭ കവാടത്തിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്ന വിവരം അറിയിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം.