തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അതിനെ നേരിട്ട ഇ.പി ജയരാജനുമെതിരെ നടപടിയുമായി ഇന്‍ഡിഗോ. പ്രതിഷേധക്കാരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് മൂന്നാഴ്ചത്തേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി.യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്‌ചയുമാണ് വിലക്ക്.
ആർ.എസ് ബസ്വാൻ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. എന്നാൽ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നാണ് ഇ.പി ജയരാജന്‍റെ പ്രതികരണം.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിയായ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല സെക്രട്ടറി ആർ.കെ നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ് എന്നിവർ മുദ്രാവാക്യം മുഴക്കിയത്.
എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഇരുവരെയും വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു.