തിരുവനന്തപുരം : കേരളത്തിലെ യുവാക്കളുടേയും വിദ്യാർഥികളുടേയും കായിക ക്ഷമത കണ്ടെത്താൻ കായിക വകുപ്പിന്‍റെ ഫിറ്റ്നസ് അസസ്മെന്‍റ് വാഹനം നാളെ മുതൽ സംസ്ഥാന പര്യടനത്തിന് ഇറങ്ങും. രാജ്യത്ത് തന്നെ ആദ്യമായാണ് സഞ്ചരിക്കുന്ന ഫിറ്റ്നസ് ടെസ്‌റ്റ് പദ്ധതി നടപ്പിലാവുന്നത്. വിദ്യാർഥികൾ ഉൾപ്പടെ പതിനായിരം ആളുകളുടെ ഫിറ്റ്നസ് നിർണയമാണ് പദ്ധതി വഴി നടത്തുക.
ഫിറ്റ്നസ് അസസ്മെന്‍റ് ആൻഡ് ആന്‍റി ഡ്രഗ് ക്യാംപയിന്‍റെ ഭാഗമായി ആധുനിക ഉപകരണങ്ങളുടെ സജ്ജീകരണത്തോടെയുള്ള നാല് ബസുകളാണ് 14 ജില്ലകളിലേക്കായി ഒരുക്കിയിട്ടുള്ളത്. യോ യോ ടെസ്‌റ്റ്, പ്ലാങ്ക് , സ്ക്വാട്ട്, മെഡിസിൻ ബോൾ ത്രോ, പുഷ് അപ്പ് തുടങ്ങി 13 ഫിറ്റ്നസ് ടെസ്‌റ്റുകളാണ് നടത്തുക. കൂടാതെ ആളുകളുടെ തൂക്കം ഉയരം തുടങ്ങിയവ പരിശോധിക്കാനും സൗകര്യമുണ്ട്.
ആദ്യ ഘട്ടത്തിൽ പട്ടിക ജാതി പട്ടിക വർഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, കായിക വകുപ്പ് എന്നിവയ്‌ക്ക് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലേക്കാണ് ഫിറ്റ്നസ് ബസിന്‍റെ യാത്ര. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ 200 വിദ്യാർഥികളെയാണ് പ്രതിദിനം ഫിറ്റ്നസ് ടെസ്‌റ്റ് ചെയ്യുക. ഇതില്‍ വിജയിക്കുന്ന വിദ്യാർഥികളെ വിവിധ കായിക ഇനങ്ങൾ പരിശീലിപ്പിക്കുകയും സ്പോർട്‌സ് കേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്യും.
മാർച്ച് ഒൻപതിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള ട്രാൻസേഡിയ ഗ്രൂപ്പ്, ജില്ല സ്പോർട്‌സ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്നാണ് ടെസ്‌റ്റ് നടത്തുക.