തിരുവനന്തപുരം: വിഴിഞ്ഞത്ത് വലയിൽ കുരുങ്ങി തീരത്തോടടുത്ത് കണ്ടെത്തിയ മൂന്ന് കടലാമകൾക്ക് മത്സ്യത്തൊഴിലാളികൾ രക്ഷകരായി. കടൽ തീരത്ത് ഒഴുകി നടക്കുന്ന നിലയിലാണ് ആമകളെ കണ്ടെത്തിയത്. മത്സ്യതൊഴിലാളികൾ തീരത്ത് ഉണ്ടായിരുന്ന ടൂറിസം പൊലീസിനെ വിവരം അറിയിക്കുകയും, തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആമകളെ ഏറ്റെടുക്കുകയുമായിരുന്നു . പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആമകളെ വിഴിഞ്ഞത്തെ മറൈൻ അക്വാറിയത്തിൽ സംരക്ഷിച്ച് ചികിത്സ നൽകി വരുകയാണ്.
മൂന്ന് കടലാമകളിൽ ഒരെണ്ണത്തിന് ഗുരുതര പരിക്ക് ഉണ്ട്. ഇവയുടെ പരിക്ക് ഭേദമായാൽ കടലിലേക്ക് തന്നെ തിരികെ വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പരുത്തിപ്പളളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി .എസ് അഭിലാഷ്, സെക്ഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗംഗാധരൻ കാണി, ആർ.ആർ.ടി.വാച്ചർമാരായ നിഷാന്ത്, രാഹുൽ എന്നിവരുൾപ്പെട്ട സംഘമാണ് ആമയെ എറ്റുവാങ്ങിയത്.