തിരുവനന്തപുരം: ലോക്‌ഡൗൺ കാലത്ത് മീൻ ലഭ്യത കുറഞ്ഞതോടെ വിപണി കൈയടക്കിയ ഉണക്കമീനിനും ദൗർലഭ്യം. തിരുവനന്തപുരത്ത് ഉണക്കമത്തിയും നെത്തോലിയും കിട്ടാനില്ല. ചെമ്മിൻ പൊടിയും വാളയും മാത്രമാണ് മാർക്കറ്റിലുള്ളത്. കർശന നിയന്ത്രണങ്ങളെ തുടർന്ന് മീൻ വരവ് കുറഞ്ഞതും പഴകിയ മത്സ്യം വ്യാപകമായി പിടികൂടുന്നതുമാണ് ഉണക്കമീനിന് പ്രിയമേറിയത്.
ആവശ്യക്കാരേറിയതോടെ ഉണക്കമീനിന്‍റെ വില കുത്തനെ കൂടിയിട്ടുണ്ട്. കൂടുതല്‍ കാലം സംഭരിച്ച് വയ്ക്കാൻ സാധിക്കുന്നതാണ് ഉണക്കമീനിന് ആവശ്യക്കാരേറാൻ കാരണമാകുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ഉണക്കമീൻ വില കൂടുതലല്ലെന്നാണ് വ്യാപാരികളുടെ പക്ഷം. വില വീണ്ടും കൂടിയാൽ തത്കാലം ഉണക്കമീൻ കഴിച്ചു തൃപ്തിയടയുന്നവർക്ക് തിരിച്ചടിയാവും. ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുണ്ടായില്ലെങ്കിൽ ഉണക്കമീനും താമസിക്കാതെ കിട്ടാതാവുമെന്ന് വ്യാപാരികൾ പറയുന്നു.