തിരുവനന്തപുരം : ജഗതിയിൽ കാർ വിൽപന കേന്ദ്രത്തിൽ തീപിടിത്തം (Fire Broke Out At Car Shop). ഇന്ന് രാവിലെ 7:30 ഓടെയാണ് അഗ്നിബാധ. അപകടത്തിൽ മൂന്ന് കാറുകൾ കത്തി നശിച്ചു. ആളപായമില്ല. ജഗതി റോഡിലെ ഡി പി ഐ ജംഗ്‌ഷൻ സ്വദേശിയായ നവീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള 'മൈ സിയെറ' എന്ന സെക്കന്‍ഡ് ഹാൻഡ് കാർ വിൽപന കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.
നാട്ടുകാരാണ് ആദ്യം തീപിടിത്തം കാണുന്നത്. തുടർന്ന് ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ചെങ്കൽച്ചൂളയിൽ നിന്നും നാല് ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമല്ല.
അപകടത്തിൽ കെട്ടിടത്തിൽ വിൽപനയ്ക്കായി നിർത്തിയിരുന്ന ഫോർഡ്, ഹോണ്ട, മാരുതി ആൾട്ടോ വണ്ടികൾ ഭാഗികമായി കത്തി നശിച്ചു. തീപിടിത്തത്തിനിടെ ഷെഡുകൾ പൊളിഞ്ഞുവീണ് വോൾവോ, മാരുതി 800 എന്നീ കാറുകൾക്ക് കേടുപാടുകളും സംഭവിച്ചു. തീ പൂർണമായും ഫയർ ഫോഴ്‌സ് സംഘം അണച്ചു.
മാലിന്യ സംസ്‌കരണ പ്ലാന്‍റിന് തീപിടിച്ചു : ഇക്കഴിഞ്ഞ ഒക്‌ടോബർ 13 നാണ് കോഴിക്കോട് പെരുവയൽ (Peruvayal) പഞ്ചായത്തിന് കീഴിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത് (Kozhikode Waste Plant Fire). വലിയ ശബ്‌ദത്തോടെയാണ് തീ ആളിപ്പടർന്നത്. ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക് തരംതിരിക്കുന്ന മാലിന്യപ്ലാന്‍റിനാണ് തീപിടിച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ (Plastic Waste) ആയതുകൊണ്ടുതന്നെ വലിയ തോതിൽ തീ ആളിപ്പടർന്നിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആറ് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആറ് മാസം മുൻപ് സ്ഥാപിച്ച മാലിന്യ സംസ്‌കരണ യൂണിറ്റിനെതിരെ അന്ന് പരിസരവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നിരുന്നു.