തിരുവനന്തപുരം: ആര്യശാലയിൽ തീപിടിത്തം. ചാലയിലേക്കുള്ള പ്രധാന റോഡിലാണ് തീ പിടിത്തം. റോഡിനരികിലുള്ള ഗോഡൗണിൽ നിന്നും വൈകിട്ട് അഞ്ചു മണിയോടെയാണ് തീ പടർന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള 12 ഓളം ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പ്രദേശത്താകെ പുക പടർന്നിരിക്കുകയാണ്.
ആളപായമില്ലെങ്കിലും തീ പൂർണ്ണമായും അണച്ചു എന്ന് ഉറപ്പില്ലാത്തതിനാൽ ഫയർഫോഴ്‌സ് ഇപ്പോഴും രക്ഷാദൗത്യം തുടർന്നുകൊണ്ടിരിക്കുകയാണ്. ആര്യശാല ജങ്ഷനിൽ നിന്നും ചാലയിലേക്കുള്ള പ്രധാനവും തിരക്കേറിയതുമായ റോഡിലാണ് തീപിടിത്തം ഉണ്ടായത്. ബ്ലീച്ചിങ് പൗഡർ പോലത്തെ കെമിക്കലുകൾ സൂക്ഷിച്ച ശിവകുമാർ ഏജൻസി ഗോഡൗൺ, ബ്യൂട്ടി പാർലർ, വർക്ക് ഷോപ്പ്, പ്ലാസ്റ്റിക് കട എന്നിവിടങ്ങളിലാണ് തീപിടിത്തം ഉണ്ടായത്.
ചെങ്കൽ ചൂള, ചാക്ക, കഴക്കൂട്ടം, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നായാണ് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയത്. 7.30 ഓടെ തീയും പുകയും പൂർണമായി അണച്ചു. കാലപ്പഴക്കം ഉള്ളതിനാൽ ബലക്ഷയമുള്ള കെട്ടിടങ്ങളിൽ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാശനഷ്‌ടങ്ങൾ എത്രയാണെന്ന് കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.
തുടരെയുള്ള തീപിടിത്തങ്ങളില്‍ പ്രതിഷേധവുമായി നാട്ടുകാർ: തുടരെ തീപിടിത്തം ഉണ്ടാകുന്ന ചാല മാർക്കറ്റിൽ രക്ഷാദൗത്യത്തിനു വേണ്ട ക്രമീകരണങ്ങൾ നടപ്പാക്കാത്തതിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായികളും നാട്ടുകാരും. തീപിടിത്തം ഉണ്ടാകുമ്പോൾ ചാല മാർക്കറ്റിൽ ഫയർഫോഴ്‌സ് യൂണിറ്റുകൾക്ക് പെട്ടെന്ന് എത്താൻ സാധിക്കുന്നില്ലെന്നും വ്യാപാരി വ്യവസായി പ്രസിഡന്‍റ് വി എൽ സുരേഷ് കുമാർ പറഞ്ഞു. ഏഴെട്ടു വർഷത്തിനുള്ളിൽ പത്തോളം തീപിടിത്തങ്ങൾ ചാലാ മാർക്കറ്റിൽ ഉണ്ടായെന്നും ഇതിന്‍റെ ഭാഗമായി നാട്ടുകാരുടെ നിരന്തര ആവശ്യത്തിന്‍റെയും നിവേദനങ്ങളുടെയും ഫലമായി ചാല മാർക്കറ്റിൽ ഫയർഫോഴ്‌സ് യൂണിറ്റിന് അംഗീകാരം ലഭിച്ചുവെങ്കിലും യൂണിറ്റ് ഇതുവരെ സ്ഥാപിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു.
പത്മതീർത്ഥ കുളത്തിൽ നിന്നും അടിയന്തര സാഹചര്യങ്ങളിൽ ചാല മാർക്കറ്റിൽ വെള്ളം എത്തിക്കാൻ സ്ഥാപിച്ച ഹൈഡ്രന്‍റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപയോഗ ശൂന്യമാണെന്നും ഇവർ പറഞ്ഞു. അനുവദിച്ച ഫയർഫോഴ്‌സ് യൂണിറ്റ് ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും വ്യാപാരി വ്യവസായ സമിതി പറഞ്ഞു.
അടുത്തിടെ തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തമുണ്ടായിരുന്നു. മെഡിക്കല്‍ കോര്‍പറേഷന്‍ സര്‍വീസസ് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ തീ അണയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടം തകര്‍ന്ന് വീണ് പരിക്കേറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഫയര്‍മാന്‍ ജെഎസ് രഞ്‌ജിത്താണ് മരിച്ചത്. മെയ് 23 പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം നടന്നത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. തീപിടിത്തത്തില്‍ ഏകദേശം 1.22 കോടിയുടെ നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്ന് കെഎംഎസ്‌സിഎല്‍ അറിയിച്ചിരുന്നു.
കൊല്ലത്തും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍റെ മരുന്ന് സംഭരണശാലയില്‍ തീപിടിത്തമുണ്ടായി. മെയ് 17 രാത്രി 8.30ഓടെ ആശ്രാമം ഉളിയകോവില്‍ ക്ഷേത്രത്തിന് സമീപത്തെ ഗോഡൗണിലാണ് അഗ്നിബാധ ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിരുന്നില്ല. എട്ട് മണിക്കൂറുകൊണ്ടാണ് അഗ്നി നിയന്ത്രണവിധേയമായത്. തീപിടിത്തം ഉണ്ടായ സമയത്ത് ഏകദേശം ഏഴ് കോടിയോളം രൂപയുടെ മരുന്നുകള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതായാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്.