തിരുവനന്തപുരം : ഫിൻലൻഡ് വിദ്യാഭ്യാസ സംഘം തലസ്ഥാനത്തെത്തി. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം നേരിട്ടറിയാനാണ് ഫിൻലൻഡ് സംഘം എത്തിയത്. തിരുവനന്തപുരത്തെത്തിയ സംഘം 64-ാമത് കായികമേള നടക്കുന്ന ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിന്‍റെ പവലിയനിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ആശയവിനിമയം നടത്തി.
കായികതാരങ്ങളുടെ പ്രകടനങ്ങൾ കണ്ട ശേഷമാണ് അവർ മടങ്ങിയത്. സംസ്ഥാനം നടപ്പിലാക്കിവരുന്ന മാതൃകകൾ പഠിക്കാനും നേരിട്ട് അറിയുന്നതിനുമായാണ് വിദ്യാഭ്യാസരീതികളില്‍ ലോകനിലവാരം പുലർത്തി പ്രഥമ സ്ഥാനത്തുള്ള ഫിൻലൻഡിന്‍റെ പ്രത്യേകസംഘം എത്തിയത്. മുഖ്യമന്ത്രിയും സംഘവും ഫിൻലൻഡ് സന്ദർശിച്ചതിൻ്റെ ഭാഗമായുള്ള തുടർ ചർച്ചകൾക്കായിട്ടാണ് പര്യടനം.
ഡിസംബർ 8 വരെ ഇവർ സംസ്ഥാനത്ത് തുടരും. സർക്കാരിന്‍റെ പ്രത്യേക അതിഥികളായി ഫിൻലൻഡ് അംബാസിഡറിന്‍റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുന്ന ഇവര്‍ ഇവിടുത്തെ വിദ്യാഭ്യാസ വികസന മാതൃകകൾ സംബന്ധിച്ച് ചർച്ച നടത്തും.