തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾക്ക് ഇന്ന് മുതല്‍ പിഴ ഈടാക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് നിരോധിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ നിരോധനം നിലവില്‍ വന്നെങ്കിലും പിഴ ഈടാക്കുന്നത് 15 ദിവസത്തേക്ക് നീട്ടി നല്‍കിയിരുന്നു. ആദ്യ നിയമലംഘനത്തിന് 10,000 രൂപയാണ് പിഴ. നിയംലംഘനം തുടര്‍ന്നാല്‍ പിഴത്തുക 25,000 ആകും. മൂന്നാംതവണയും ആവര്‍ത്തിച്ചാല്‍ 50,000രൂപയാകും പിഴ ഈടാക്കുക. കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തന നിര്മാണ അനുമതിയും റദ്ദാക്കും.
പ്ലാസ്റ്റിക് കവറുകള്‍ പോലെയുള്ളവ കൈയ്യില്‍ വെക്കുന്ന ജനങ്ങളില്‍ നിന്നല്ല പിഴ ഈടാക്കുന്നത്. ഇവ നിര്‍മിക്കുകയും വിതരണം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നവരില്‍ നിന്നാണ്. കലക്‌ടര്‍മാര്‍, സബ് കലക്‌ടര്‍മാര്‍, തദ്ദേശ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിരോധനം നടപ്പാക്കുന്നതിന് ചുമതലയുള്ളത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പിവിസി ഫ്ലക്‌സ് ഉല്‍പന്നങ്ങൾ, 500 മില്ലി ലിറ്ററിന് താഴെയുള്ള കുടിവെള്ള ബോട്ടിലുകള്‍, തെര്‍മോക്കോള്‍, സ്‌റ്റെറോഫോം എന്നിവയുപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ് തുടങ്ങിയവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.