തിരുവനന്തപുരം: വീട് പാട്ടത്തിന് നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നയാൾ പിടിയിൽ. പേരൂർക്കട പൈപ്പിൻമൂട് സ്വദേശി ശ്രീകുമാരൻ തമ്പിയാണ് പിടിയിലായത്. പൈപ്പിൻമൂടിലെ സ്വന്തം ഇരുനില വീട് വാടകയ്ക്കും ഒറ്റിയ്ക്കും നൽകാമെന്ന് പറഞ്ഞ് ഇയാൾ പലരിൽ നിന്നും അഡ്വാൻസ് വാങ്ങുകയും തുടർന്ന് വീട്ടിൽ പണി ബാക്കിയുണ്ടെന്ന് പറഞ്ഞു തട്ടിപ്പ് നടത്തുന്നതുമാണ് രീതി.
പത്രത്തിൽ പരസ്യം നൽകിയാണ് ഇയാൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. വർഷങ്ങളായി ഇയാൾ തട്ടിപ്പ് നടത്തി വരികയാണ്. ഇടപാടുകാർ അഡ്വാൻസ് തുക തിരികെ ആവശ്യപ്പെടുമ്പോൾ മറ്റൊരാളുടെ കൈയിൽ നിന്നും മേടിച്ച് നൽകിയാണ് ഇതുവരെ ഇയാൾ കേസിൽ നിന്നും ഒഴിവായിരുന്നത്. എന്നാൽ അടുത്ത കാലത്ത് ഇതേ രീതിയിൽ അഡ്വാൻസ് വാങ്ങിയ തുക തിരികെ നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു.
ഇയാൾക്കെതിരെ 3 കേസുകളാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിലുള്ളത്. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ ഇന്ന് പുലർച്ചെ 5 മണിയോടെ പേരൂർക്കട പ്രദേശത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
Also read: ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് ; കര്‍ഷകനില്‍ നിന്ന് കൈക്കലാക്കിയത് 72 ലക്ഷം രൂപ