തിരുവനന്തപുരം: കൊവിഡ് കാരണം ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിസന്ധി തുടർന്നാൽ ശമ്പള വിതരണവും ബുദ്ധിമുട്ടിലാകുമെന്നതിനാൽ നിലവിലെ സാഹചര്യം മറികടക്കാൻ സർക്കാർ സഹായം തേടാനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. ബോർഡിന് ബഡ്‌ജറ്റിൽ അനുവദിച്ച 100 കോടിയിൽ നിന്ന് രണ്ട് തവണയായി 40 കോടി രൂപ നേരത്തെ നൽകിയിരുന്നു. ബാക്കി തുക ലഭിച്ചാൽ താത്കാലിക പരിഹാരമാകുമെന്നാണ് ബോർഡിൻ്റെ അഭിപ്രായം.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ 1248 ക്ഷേത്രങ്ങളിൽ 61 ക്ഷേത്രങ്ങളിൽ നിന്നു മാത്രമാണ് കാര്യമായ വരുമാനമുള്ളത്. മറ്റു ക്ഷേത്രങ്ങളിലെ നിത്യേനയുള്ള ചെലവുകൾക്ക് വരെ ബോർഡ് പണം നൽകണം. ശബരിമലയിലെ ലേലത്തുകയിൽ നിന്നും മറ്റും ലഭിക്കുന്ന വരുമാനം കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളതിനാൽ ഈ മണ്ഡല മകരവിളക്ക് സീസണിലും ദേവസ്വം ബോർഡിന് വരുമാനം കുറയാനാണ് സാധ്യത.