തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ ആയില്ലെങ്കില്‍ റീ ഇമ്പേഴ്സ്മെന്‍റ് സംവിധാനം തുടര്‍ന്നേക്കാമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. റിലയൻസിനെ ഒഴിവാക്കിയതോടെ പദ്ധതി നടത്തിപ്പിന് പുതിയ കമ്പനിയെ തേടുന്നുണ്ട്. എന്നാൽ പുതിയ കമ്പനി പദ്ധതിയിൽ പങ്കാളിയാവുന്നതോടെ പ്രീമിയം തുക ഉയരും. അധിക പ്രീമിയം അടക്കാൻ സർക്കാർ തയ്യാറല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. അധിക പ്രീമിയം അടക്കാൻ ജീവനക്കാർ തയ്യാറായാൽ മാത്രമേ പദ്ധതി നടപ്പാക്കൂ. ഇല്ലെങ്കിൽ റീ ഇമ്പേഴ്സ്മെന്‍റ് സംവിധാനം തന്നെ തുടരുമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രിയുടെ പ്രതികരണം.
പദ്ധതി ടെൻഡർ ചെയ്‌തപ്പോൾ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തതിനാലാണ് നടത്തിപ്പ് റിലയൻസിന് നൽകാൻ ധാരണയിലെത്തിയത്. എന്നാൽ പദ്ധതിയിൽ റിലയൻസ് ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ സൗകര്യങ്ങൾ കുറവാണെന്നും പദ്ധതിയിൽ ആശുപത്രികളുടെ എണ്ണം കുറവാണെന്നും ജീവനക്കാർ പരാതി ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് റിലയൻസിനെ ഒഴിവാക്കിയതെന്നും ധനമന്ത്രി വ്യക്തമാക്കി.