തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷം വിനാശത്തിന്‍റെ വ്യാപാരികളായി മാറുകയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനെതിരെയാണ് തോമസ് ഐസക്ക് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്‌തത്. ഈ സർക്കാരിന്‍റെ കാലത്ത് വികസനവും ക്ഷേമവും സമാധാനവുമൊരുക്കിയ സമീപനങ്ങളെയാകെ ഇല്ലാതാക്കുകയും തകർക്കുകയും ചെയ്യുമെന്നാണ് പ്രതിപക്ഷം പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് തോമസ് ഐസക് ആരോപിച്ചു.
ഇതിനോടകം, കൂരയില്ലാത്ത 2,70,000 പേർക്ക് കിടപ്പാടം ഒരുക്കിയ ലൈഫ് മിഷൻ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷം ആദ്യം തന്നെ പ്രഖ്യാപിച്ചു. ആർഎസ്എസ് നയിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ അന്വേഷണ ഏജൻസികളെ കൊണ്ട് അകാരണമായി ലൈഫ് മിഷന് എതിരായി കേസുകൾ എടുപ്പിച്ചു. കിഫ്ബിയെ പ്രതിപക്ഷ നേതാവും കൂട്ടരും വേട്ടയാടി. സർക്കാർ പ്രതിരോധിക്കാതിരുന്നില്ലെങ്കിൽ സ്‌കൂളുകളിലും കോളജുകളിലും ആശുപത്രികളിലും ദേശീയപാതകളിലും മേൽപ്പാലങ്ങളിലുമെല്ലാം നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പശ്ചാത്തല സൗകര്യ സൃഷ്‌ടിയാകെ നിന്നു പോകുമായിരുന്നു. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞും പോരാട്ടം നടത്തി.
ഈ നാട്ടിൽ ഒരു സുപ്രധാന പശ്ചാത്തല സൗകര്യ വികസന പ്രവർത്തനം നടക്കരുതെന്ന വാശിയാണ് അവർ കാണിച്ചത്. കെ ഫോൺ പദ്ധതിക്കെതിരായി ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികൾ തിരിഞ്ഞു. കെ ഫോൺ പദ്ധതിയെ പ്രതിപക്ഷനേതാവ് നിയമസഭയിൽ എതിർത്തു. പ്രളയകാലത്തെ സാലറി ചലഞ്ചിനും എതിരുനിന്നു. ഇത്തരത്തിൽ വികസനത്തിനും ക്ഷേമത്തിനും കാരുണ്യത്തിനും കൈക്കൊണ്ട നടപടികളെ അട്ടിമറിക്കാനും ഇല്ലാതാക്കാനുമുള്ള വിനാശത്തിന്‍റെ കാര്യപരിപാടിയുമായാണ് കേരളത്തിലെ പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നത്. ഏറ്റവുമൊടുവിലത്തെ വിനാശ പ്രഖ്യാപനമാണ് കേരളബാങ്ക് പിരിച്ചുവിടുമെന്ന നിലപാടെന്നും തോമസ് ഐസക് കൂട്ടിചേർത്തു.