തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകളുമായി ധനമന്ത്രി തോമസ് ഐസക് ഇന്ന് ചർച്ച നടത്തും. ശമ്പളം പിടിക്കുന്നതിനെതിരെ സർവീസ് സംഘടനകൾ എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണ് ചർച്ച. വൈകിട്ട് നാലിന് ഓൺലൈൻ വഴിയാണ് യോഗം ചേരുന്നത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനാണ് സർക്കാർ തീരുമാനം. അഞ്ചു ദിവസത്തെ ശമ്പളം വീതം ആറ് മാസമായിട്ടാണ് പിടിക്കുക. ഇത് ഒൻപത് ശതമാനം പലിശ സഹിതം തിരിച്ച് നൽകും.
എന്നാൽ തീരുമാനത്തിനെതിരെ ഭരണ, പ്രതിപക്ഷ സർവിസ് സംഘടനകൾ അതൃപ്‌തി അറിയിച്ചിരുന്നു. ഓണം അഡ്വാൻസും പി.എഫ് ലോണുമടക്കം പിടിത്തം പോയിട്ട് ജീവനക്കാർക്ക് കുറഞ്ഞ തുക മാത്രമാകും കൈയിൽ ലഭിക്കുക. അതിനാൽ തീരുമാനം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സർവീസ് സംഘടനകൾ. കൊവിഡിനെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ശമ്പളം പിടിക്കാനുണ്ടായ സാഹചര്യവും ധനമന്ത്രി യോഗത്തിൽ വ്യക്തമാക്കും.