തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ മാര്‍ഗരേഖ ഇന്ന് (വെള്ളി) പുറത്തിറിങ്ങും. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സ്വീകരിക്കേണ്ട നിര്‍ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. ഈ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാകും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക.
ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളെ മാത്രമേ അനുവദിക്കാവൂ. ബാച്ചുകള്‍ തിരിച്ചാകും ക്ലാസുകള്‍ നടത്തുക. ബാച്ച് തീരുമാനിക്കാന്‍ സ്‌കൂളുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാകും. ആദ്യ ഘട്ടത്തില്‍ ഉച്ചവരെ മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കൂ. ഉച്ചഭക്ഷണ വിതരണം ഉണ്ടാകും. ആദ്യം ഉച്ചഭക്ഷണം ഒഴിവാക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടായിരുന്നു. എന്നാല്‍ അന്തിമ കരട് മാര്‍ഗരേഖയില്‍ ഉച്ചഭക്ഷണം കൂടിയുള്‍പ്പെടുത്തി.
ALSO READ: നൂറ് തൊടാൻ ഡീസല്‍, ഇന്ധന വില വര്‍ധനവിന്‍റെ ഒൻപതാം ദിനം
ഓരോ ക്ലാസിനും വ്യത്യസ്‌ത ഇടവേള ആയിരിക്കും. ശനിയാഴ്‌ചയുള്‍പ്പെടെ ആറ് ദിവസവും പ്രവര്‍ത്തി ദിവസമായിരിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല. സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ടാകും.
നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതാണ്. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. ഇന്നലെ പുറത്തിറക്കാന്‍ ആലോചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ അംഗീകാരം വൈകിയതാണ് ഇന്നത്തേക്ക് മാറ്റാന്‍ കാരണം.