തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ദിനമായ നാളെ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉദ്‌ഘാടനം വൈകുന്നേരമാണെങ്കിലും രാവിലെ 10 മണി മുതല്‍ ചിത്ര പ്രദര്‍ശനം ആരംഭിക്കും. കാന്‍ ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രീതി നേടിയ പോര്‍ച്ചുഗല്‍ ചിത്രം റിമൈന്‍സ് ഓഫ് ദി വിന്‍ഡ് , ടൊറോന്‍റോ, വെനീസ് മേളകളില്‍ പ്രദര്‍ശിപ്പിച്ച ഇന്തോനേഷ്യന്‍ ചിത്രം ഓട്ടോബയോഗ്രഫി, ഉദ്ഘാടന ചിത്രം ടോറി ആന്‍ഡ് ലോകിത തുടങ്ങിയ മികച്ച ചിത്രങ്ങളാണ് ആദ്യദിനം പ്രദര്‍ശിപ്പിക്കുക.
യുക്രൈനില്‍ നിന്ന് കുടിയേറിയ അവിവാഹിതയായ ഒരമ്മയുടെയും മകന്‍റെയും ജീവിതകഥ പറയുന്ന മിഷാല്‍ ബ്ലാസ്‌കോ ചിത്രം വിക്‌ടിം രാവിലെ 10 മണിക്ക് കലാഭവനില്‍ പ്രദര്‍ശിപ്പിക്കും. വിക്‌ടിമിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് നാളെ നടക്കുക. കനേഡിയന്‍ ചിത്രം ദി നോയ്‌സ് ഓഫ് എന്‍ജിന്‍സ് എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനവും നാളെയുണ്ടാകും.
മക്ബുല്‍ മുബാറക് സംവിധായകനായ ഇന്തോനേഷ്യന്‍ ചിത്രം ഓട്ടോബയോഗ്രഫി രാവിലെ 10ന് കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ നേതാവിന്‍റെ ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന സിനിമയാണിത്. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വൃദ്ധനായ കര്‍ഷകന്‍റെ ജീവിത കഥ പറയുന്ന റെഡ് ഷൂസ് എന്ന ചിത്രവും നാളെ പ്രദര്‍ശിപ്പിക്കും. കാര്‍ലോസ് എയ്ച്ചല്‍മാന്‍ കൈസറാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
ടിയാഗോ ഗുഡ്‌സ് സംവിധാനം ചെയ്‌ത റിമൈന്‍സ് ഓഫ് ദി വിന്‍ഡ് എന്ന ചിത്രം നാളെ ഉച്ചക്ക് 12.15ന് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. പോര്‍ച്ചുഗലിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ആചാരാനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങളും മൂന്ന് കൗമാരക്കാര്‍ക്കിടയില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇതുകൂടാതെ സ്വീഡിഷ് ചിത്രം സെമ്രത്, ലോല ക്വിവോറൊന്‍ ചിത്രം റോഡിയോ, ഐറിന ഒബിഡോവ ചിത്രം ബോംബര്‍ നമ്പര്‍ ടു, സനോക്‌സ് - റിസ്‌കസ് ആന്‍ഡ് സൈഡ് ഇഫക്‌ട്‌സ് എന്നിവയുടെ ആദ്യ പ്രദര്‍ശനവും നാളെയാണ്. കൈരളി, കലാഭവന്‍, നിള, ശ്രീ, ടാഗോര്‍, എന്നീ തിയേറ്ററുകളിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.