തിരുവനന്തപുരം : പേട്ടയിൽ മകളുടെ സുഹൃത്തായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതി പൊലീസ് നിരീക്ഷണത്തിലാണെന്നും മുൻവൈരാഗ്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അസിസ്റ്റന്‍റ് കമ്മിഷണർ ഡി കെ പൃഥ്വിരാജ് പറഞ്ഞു.
പേട്ട സി ഐക്കാണ് അന്വേഷണ ചുമതല. കള്ളനെന്ന് കരുതി കുത്തിയതെന്നാണ് ലാലൻ പൊലീസിന് നൽകിയ മൊഴി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ചാക്ക സ്വദേശി അനീഷ് ജോർജ് (19) പേട്ട ചാലക്കുടി ലെയിനിൽ താമസിക്കുന്ന പെൺസുഹൃത്തിന്‍റെ വീട്ടിൽ വച്ച് കുത്തേറ്റ് മരിച്ചത്. പെൺകുട്ടിയുടെ പിതാവായ പ്രതി ലാലൻ തന്നെയാണ് കൃത്യത്തിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചത്.
Also Read: തിരുവനന്തപുരത്ത് രാത്രിയില്‍ മകളെ കാണാനെത്തിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു
രാത്രി പെൺകുട്ടിയെ കാണാൻ എത്തിയതായിരുന്നു അനീഷ് ജോർജ്. മകളുടെ മുറിയിൽ ശബ്ദം കേട്ടതിനെത്തുടർന്ന് ലാലൻ ആയുധവുമായെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കാതിരുന്നതോടെ വാതിൽ തല്ലിത്തകർത്ത് അകത്തുകയറിയ ലാലൻ യുവാവുമായി പിടിവലിയുണ്ടായതായും ഇതിനിടെ കുത്തുകയായിരുന്നുവെന്നുമാണ് വിവരം.
പൊലീസ് സ്റ്റേഷനിലെത്തി സംഭവം പറഞ്ഞ ലാലൻ യുവാവിനെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ബി കോം ഒന്നാം വർഷ വിദ്യാർഥിയാണ് അനീഷ്.