തിരുവനന്തപുരം: പുതുതലമുറയെ കാര്‍ഷിക രംഗത്തേക്ക് ചേര്‍ത്തു നിര്‍ത്തുക എന്ന ഉദ്ദേശത്തോടെ കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. കൃഷി കച്ചവടമായതോടെയാണ് കാർഷികസംസ്കാരം നഷ്ടപ്പെട്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
ശക്തമായ മഴയെ അവഗണിച്ച് ആവേശത്തോടെയാണ് വിദ്യാര്‍ഥികള്‍ പാടത്തിറങ്ങിയത്. മണ്ണിനെയും കൃഷിയെയും അടുത്തറിഞ്ഞ സന്തോഷം മുഴുവന്‍ അവരിലുണ്ടായിരുന്നു. മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും മുതിർന്നവരുമാണ് പാടശേഖരത്ത് ഇറങ്ങി മേൽ ചെടികൾ നട്ടത്. പാറശ്ശാല മണ്ഡലത്തിലെ പെരിങ്കടവിളയിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. മണ്ഡലത്തെ പൂർണ്ണമായും തരിശു മുക്തമാക്കി എന്ന് ചടങ്ങില്‍ അധ്യക്ഷനായ കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.
നെല്ലിന്‍റെ ജന്മദിനമായി ആചരിക്കുന്ന കന്നിമാസത്തിലെ മകം നാളിലാണ് പദ്ധതിക്ക് തുടക്കമായത്. തത്തിയൂർ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള പാടമാണ് ഇതിനായി തെരഞ്ഞെടുത്തിരുക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം പാലിയോട് നടന്ന സമ്മേളനത്തിൽ വിവിധ കാർഷിക ക്വിസ് മത്സരങ്ങളിൽ ജേതാവായ വിദ്യാർഥികളെ ആദരിക്കുകയും, കൃഷി ബോധം വരുത്തുന്ന പഠന ക്ലാസുകളും സംഘടിപ്പിക്കുകയും ചെയ്തു.