തിരുവനന്തപുരം : അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിവ് മൂലം കര്‍ഷകരനുഭവിക്കുന്ന അതീവ ഗുരുതരമായ സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
കേന്ദ്രം കർഷകരെ വഞ്ചിച്ചാൽ ഒപ്പം കൂടാമെന്നാണോ സംസ്ഥാനം കരുതുന്നതെന്ന് ചോദിച്ച മോൻസ് ജോസഫ് കർഷകർക്കായി സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. കർഷകര്‍ക്കായി പ്രകടനപത്രികയിൽ വലിയ വാഗ്‌ദാനങ്ങൾ പ്രഖ്യാപിച്ച് ഒടുക്കം അവരെ വഞ്ചിക്കുകയാണ്. എല്ലാ മേഖലയിലെ കർഷകരും പ്രതിസന്ധിയിലാണ്. രാഷ്‌ട്രീയത്തിന് അതീതമായി വിഷയത്തിൽ ഇടപെടണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
കേന്ദ്രത്തെ പഴിചാരി പ്രതിപക്ഷ ആരോപണങ്ങൾക്ക് പ്രതിരോധം തീർത്ത മന്ത്രി പി പ്രസാദ്, കേന്ദ്രസഹായം ഇല്ലാതെ കർഷകർക്ക് നൽകിയ സാമ്പത്തിക സഹായം സഭയിൽ വിശദീകരിച്ചു. സംസ്ഥാന സർക്കാർ 1788.99 കോടി രൂപ റബ്ബർ കർഷകർക്ക് നൽകി. ഇതിൽ ഒരു രൂപ പോലും കേന്ദ്രം നൽകിയില്ല.
നാളികേര കർഷകർക്ക് 19.78 കോടിയാണ് സംസ്ഥാന സർക്കാർ നൽകിയത്. കേന്ദ്രത്തിന്‍റെ നയം കൂടി തിരുത്തിയാലേ കർഷകരുടെ ദുരിതം പൂർണമായും മാറുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതേസമയം കാർഷിക കടാശ്വാസ കമ്മിഷൻ ഈ സർക്കാരിന്‍റെ കാലത്ത് അടച്ചുപൂട്ടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. 150 കോടി ഇനിയും അനുവദിച്ച് നല്‍കാനുണ്ട്. ഒരു ലക്ഷം അപേക്ഷകൾ തീർപ്പാക്കിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
കൃഷി കൊണ്ട് ഉപജീവനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ബാങ്കിൽ നിന്ന് നോട്ടിസ് ലഭിക്കാത്ത ഒരു കർഷകൻ പോലും കേരളത്തിലില്ല. ആത്മഹത്യയുടെ ഘോഷയാത്രയ്‌ക്ക് മുൻപ് സർക്കാർ എന്തെങ്കിലും ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.