തിരുവനന്തപുരം: നമുക്ക് കടുത്ത ആരാധനയുള്ള ആള്‍ക്കായി എന്തെങ്കിലും ചെയ്യുക. തിരിച്ച് അവരുടെ അനുമോദനം ലഭിക്കുക. സംഗതി പറയാന്‍ എളുപ്പമാണെങ്കിലും സഫലമാവാന്‍ അല്‍പം പ്രയാസമായിരിക്കും. ഇനി സഫലമായാലോ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരിക്കും. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി വിശ്വപ്രതാപിന്‍റെ കാര്യത്തില്‍ ഫലം അനുകൂലമാണ്.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണോടുള്ള ആരാധന മൂത്താണ് ഈ യുവ ചിത്രകാരന്‍ താരത്തിന്‍റെ ഛായാചിത്രം വരച്ചത്. അതും പല്ലില്‍ ബ്രഷ് കടിച്ചുപിടിച്ചുകൊണ്ട്. ചിത്രം വരയ്‌ക്കുന്നതിന്‍റെ ഫോട്ടോയും ടൈം ലാപ്‌സ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ട് സഞ്‌ജു കമന്‍റിട്ടതാണ് ഈ യുവ ചിത്രകാരനില്‍ വലിയ ആഹ്ളാദമുണ്ടാക്കിയത്. 'താങ്ക്യു ബ്രദര്‍' എന്നായിരുന്നു ആ കമന്‍റ്.
മൂന്ന് മണിക്കൂര്‍ കൊണ്ടാണ് വിശ്വപ്രതാപ് പെയിന്‍റിങ് പൂര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ മോഹന്‍ലാലിന്‍റെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ (India Book Of Records) ഇടം നേടിയിരുന്നു. സഞ്ജുവിന് നേരില്‍ കണ്ട് ചിത്രം നല്‍കാനുള്ള ശ്രമത്തിലാണ് ഈ 26കാരന്‍.