തിരുവനന്തപുരം: തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവെന്ന് കേട്ടിട്ടല്ലേ ഉള്ളൂ. ഇത് ശരിക്കും നടന്ന സംഭവമാണ്. സാധാരണക്കാരെ പറ്റിക്കാനൊക്കെ സൈബര്‍ കള്ളന്മാര്‍ക്ക് എളുപ്പമാണ്. ബാങ്ക് മാനേജര്‍മാരും രാഷ്ട്രീയക്കാരുമൊക്ക പലപല കെണികളില്‍പ്പെട്ട വാര്‍ത്തകളും സുപരിചിതമാണ്.
എന്നാല്‍ ജില്ല കലക്‌ടറുടെ പേരില്‍ വ്യാജ വാട്‌സ്‌ആപ്പ് പ്രൊഫൈലുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച സൈബര്‍ കള്ളനെക്കുറിച്ച് ഇത് ആദ്യമായിട്ടാകും നിങ്ങള്‍ അറിയുന്നത്. സംഭവം നടന്നത് തിരുനന്തപുരത്താണ്. തലസ്ഥന നഗരത്തിന്‍റെ പിതാവിന് മുട്ടന്‍ പണി കൊടുത്ത കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസും.
സംഭവിച്ചത് എന്ത് : സംസ്ഥാനത്ത് ദിനം പ്രതി നിരവധി സൈബർ കേസുകളാണ് രജിസ്‌റ്റർ ചെയ്യപ്പെടുന്നത്. ഇപ്പോൾ തിരുവനന്തപുരം ജില്ല കലക്‌ടറുടെ പേരിൽ വ്യജ വാട്‌സ്‌ആപ്പ് അക്കൗണ്ട് തുറന്നിരിക്കുകയാണ് അജ്ഞാതൻ (Fake WhatsApp account in the name of Thiruvananthapuram District Collector) ജില്ല കലക്‌ടർ ജെറോമിക് ജോര്‍ജ് ഐഎഎസിന്‍റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാനാണ് ശ്രമം. വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് തുറന്ന് ജില്ല കലക്‌ടറുടെ പേരിൽ സന്ദേശം അയച്ച് പണം തട്ടാനാണ് ശ്രമം നടന്നത്.
തന്‍റെ പേരിൽ വന്ന വ്യാജ അക്കൗണ്ടിനെതിരെ നിയമ നടപടി സ്വീകരിച്ചതായും അക്കൗണ്ട് അംഗീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നതായും കലക്‌ടർ ജെറോമിക് ജോര്‍ജ് ഐഎഎസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വ്യാജൻമാരുടെ സ്ഥിരം കലാപരിപാടിയായ പണം കടം വാങ്ങൽ അടവാണ് ഇവിടെയും പയറ്റിയത്. 'നിങ്ങള്‍ക്ക് ഉടന്‍ 50,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ? എന്നും ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ നിങ്ങളുടെ പണം തിരികെ നൽകാം' എന്നുമായിരുന്നു കലക്‌ടറുടെ പേരിൽ വ്യാജ കളക്‌ടർ പ്രചരിച്ച വാട്‌സ്‌ആപ്പ് സന്ദേശം. സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്കും സൈബർ സെല്ലിനും ജെറോമിക് ജോര്‍ജ് പരാതി നൽകിയിട്ടുണ്ട്.