തിരുവനന്തപുരം : വ്യാജ ഇലക്ഷന്‍ ഐഡി കാര്‍ഡ് നിര്‍മിച്ച കേസില്‍ (Fake Voter ID Card Case) യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും (Rahul Mamkootathil will appear today). രാവിലെ പത്ത് മണിക്ക് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് രാഹുലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. കന്‍റോണ്‍മെന്‍റ് അസി. കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക.
കേസുമായി സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും രാഹുല്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് തെരെഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി. കൂടാതെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും പൊലീസ് തീരുമാനിച്ചു. ഇന്ന് ജില്ല കോടതിയിലാണ് അപ്പീല്‍ നല്‍കുക.
അന്വേഷണവുമായി കെപിസിസിയും : യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും കെപിസിസിയുടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്നും കെപിപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; നാല് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
വിഷയത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ: വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന ആരോപണത്തിൽ ഏത് അന്വേഷണവും നടക്കട്ടെ എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. സുതാര്യമായിട്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ട് പോയത്. സാങ്കേതിക മികവുള്ള ഏജൻസിയാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.
ആശങ്കകളും പരാതികളും പറയാൻ സമയം ലഭിച്ചിരുന്നുവെന്നും ആ സമയത്ത് പലരും ഉന്നയിച്ച പരാതികൾ പരിഹരിക്കുകയും ചെയ്‌തു എന്നും രാഹുൽ പറഞ്ഞു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. പരാതി ആർക്കും കൊടുക്കാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പരാതിയുണ്ടായ സാഹചര്യത്തെ കുറിച്ച് തനിക്ക് വ്യക്തതയില്ല. മാധ്യമങ്ങളിലൂടെയാണ് ഈ വിഷയം അറിഞ്ഞതെന്നും രാഹുൽ വ്യക്തമാക്കി. വ്യാജ തെരെഞ്ഞെടുപ്പ് കാർഡ് ഉണ്ടാക്കി എന്ന ആരോപണം ഉന്നയിച്ചത് കെ സുരേന്ദ്രൻ ആയിരുന്നുവെന്നും നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും അദ്ദേഹം നടത്തിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ചാണ്ടി ഉമ്മന് തമിഴ്‌നാട്ടിൽ ഭൂമിയുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിട്ട് വർഷം എട്ട് കഴിഞ്ഞു. എന്നാൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് തോൽക്കാനും അട്ടിമറിക്കാനും ഉള്ളതാണ് എന്നാണ് സുരേന്ദ്രന്‍റെ ധാരണ. ഒന്നര ലക്ഷം വ്യാജ ഐഡി കാർഡ് നിർമിച്ചെന്ന ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല. ഇലക്ഷൻ കമ്മിഷന് കൃത്യമായ വിശദീകണം ഇക്കാര്യത്തിൽ നൽകും. അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും രാഹുൽ പറഞ്ഞു.