തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപ്പുറത്ത് വ്യാജകള്ള് പിടികൂടി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാവുന്ന കള്ളാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം അറിയിച്ചു.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പഴയഉച്ചകടയിൽ ഒരു വർഷമായി തമിഴ്‌നാട് സ്വദേശിയായ കുമാർ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് 210 ലിറ്ററിൽ അധികം കള്ള് പിടിച്ചെടുത്തത്.
പനയിൽ നിന്നെടുക്കുന്ന അക്കാനി എന്ന വ്യാജേന വിപണനം ചെയ്‌തുകൊണ്ടിരുന്ന കള്ള് പൂർണമായും രാസവസ്‌തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചുകൊണ്ടിരുന്നത്. ഇത് പതിവായി കഴിക്കുന്ന ഒരാൾക്ക് ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് എക്സൈസ് സംഘം പറയുന്നു.
തീരദേശ വാസികൾക്കായിരുന്നു ഇവ പ്രധാനമായും വിറ്റിരുന്നത്. നെയ്യാറ്റിൻകര എക്‌സൈസ് സി.ഐ ഷാജഹാന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ കള്ള് പിടികൂടിയത്. എന്നാൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല.
ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിലെ പ്രധാന പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചുവെന്നും ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും എക്സൈസ് സംഘം പറഞ്ഞു.
Also Read: സൂരജിന് 4642-ാം നമ്പര്‍ ; ഉത്രയുടെ കൊലയാളിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി