തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവടക്കം (R Bindhu) വ്യാജരേഖ ചമച്ചാണ് നിയമനം നേടിയതെന്നും എസ്എഫ്ഐ (SFI) നേതാവിന്‍റെ വ്യാജ രേഖ കേസിൽ അന്വേഷണം വേണമെന്നും ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനായി ജൂൺ 27-ന് സെക്രട്ടേറിയറ്റിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.
നിയമപരമായിട്ട് ഇതിനെ നേരിടും. ദീർഘനാളത്തെ പ്രതിഷേധമാണ് ഉയർത്താൻ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ ഭരണവർഗം കേരളത്തെ ലോകത്തിന് മുൻപിൽ നാണം കെടുത്തുന്നു.
കേരളത്തിലെ ഏത് കോളജിലും വ്യാജരേഖ ചമച്ച് ആളുകൾക്ക് അഡ്‌മിഷൻ നേടാം എന്നാണ് നിലവിലെ അവസ്ഥ. രാഷ്ട്രീയ നേതാക്കളുടെ സമ്മർദം കൊണ്ട് അഡ്‌മിഷൻ നൽകിയെന്ന് കോളജ് പ്രിൻസിപ്പൽ തന്നെ പറയുന്നു. ഒരു തട്ടിപ്പിലും കോളജിന് നടപടി എടുക്കാൻ ആകുന്നില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ തന്നെ വ്യാജരേഖകള്‍ ചമയ്‌ക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ തന്നെ ഇത് നടക്കുമ്പോൾ പാർട്ടി നേതാക്കളെ എങ്ങനെ കുറ്റം പറയും. വ്യാജ രേഖ കേസിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തന്നെ സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു.
എസ്എഫ്ഐയെ താറടിക്കാനുള്ള നീക്കമാണ് എന്നാണ് പറയുന്നത്. സിപിഎം (CPM) നേതൃത്വമാണ് ഇതിൽ മറുപടി പറയേണ്ടത്. വസ്‌തുത എന്താണെന്ന് അറിയുന്നതിന് മുൻപ് അല്ലെങ്കിൽ എല്ലാം അറിഞ്ഞുകൊണ്ട് പാർട്ടി സെക്രട്ടറി നടപടിയെടുക്കുകയാണ്.
മുൻ എസ്എഫ്ഐ നേതാക്കളായ സിപിഎം നേതാക്കൾ എല്ലാം ഇതിനെ ന്യായീകരിച്ചു. ചത്തു കിടക്കുന്ന എസ്എഫ്ഐക്കെതിരെ ആരും ഗൂഢാലോചന നടത്തില്ല. പെട്ടിക്കട കുത്തി തുറന്ന് ജയിലിൽ പോകുന്ന പോലെയാണ് ഇതും.
മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെടെ ഇത് പരിശോധിച്ചാൽ എന്തെല്ലാം നടപടികൾ ഉണ്ടായേക്കാം. ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ വ്യാജ രേഖ ചമച്ചാണ് ജോലി നേടിയത്. വ്യാജ രേഖ ചമച്ച ഒരാളെ തന്നെ മന്ത്രിയാക്കി കേരളമാകെ ഇവർ ഇത് നടപ്പിലാക്കുന്നു.
എസ്എഫ്ഐയുടെ പേര് കേൾക്കുന്നത് തന്നെ അറപ്പാവുകയാണ് ഇപ്പോൾ. ഉന്നത വിദ്യാഭ്യാസ മന്ത്രി അവരുടെ കോളജിൽ മതിയായ രേഖകൾ ഇല്ലാതെയാണ് പ്രവേശനം നേടിയത്. ഗവർണർ ഇക്കാര്യങ്ങൾ എല്ലാം മുൻകണ്ടാണ് പ്രതിഷേധിച്ചിരുന്നത്.
മണിപ്പൂരിലേത് ഗോത്രങ്ങളുടെ പ്രശ്‌നം: മണിപ്പൂരിൽ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ്. മതപരമായ പ്രശ്‌നമാണ് അവിടെ നടക്കുന്നതെന്ന് കോൺഗ്രസും ഇടതുപക്ഷവും വൈദേശിക ശക്തികളും അടക്കം പ്രചരിപ്പിക്കുന്നു. പള്ളികൾ മാത്രമല്ല എല്ല ആരാധനാലയങ്ങളും അവിടെ തകര്‍ക്കപ്പെടുന്നു.
കോർ കമ്മിറ്റിയിൽ പങ്കെടുക്കാതെ പുറത്ത് നിൽക്കുന്നവരാണ് കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചുവെന്ന് പുറത്ത് അറിയിക്കുന്നത്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.