തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് ആറുമാസം കൂടി നീട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ സർക്കാർ ആലോചന. ഭരണാനുകൂല സർവീസ് സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്മാറാൻ ആലോചിക്കുന്നത്.
പ്രതിപക്ഷ സർവീസ് സംഘടനകള്‍ രണ്ടാം സാലറി ചലഞ്ചിനെതിരെ സമര രംഗത്തിറങ്ങിയതിന് പിന്നാലെയാണ് എതിര്‍പ്പുമായി ഭരണാനുകൂല സംഘടനകളും രംഗത്ത് വന്നത്. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അടിക്കടി സര്‍ക്കാര്‍ ജീവനക്കാരുടെ തുച്ഛമായ വേതനം പിടിക്കരുതെന്ന് ചൂണ്ടിക്കാട്ടി ആദ്യം രംഗത്ത് വന്നത് സി.പി.ഐ അനുകൂല സംഘടനയായ ജോയിന്‍റ് കൗണ്‍സില്‍ ആയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും തുച്ഛമായ ശമ്പളം കൊണ്ടുമാത്രം ജീവിക്കുന്നവരാണെന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാന്‍ ശേഷിയുള്ളവരല്ല അവരെന്നും ജോയിന്‍റ് കൗണ്‍സില്‍ ജീവനക്കാര്‍ക്കിടയില്‍ പുറത്തിറക്കിയ ലഘു ലേഖയില്‍ ചൂണ്ടിക്കാട്ടി.
അഞ്ച് തവണകളായി സര്‍ക്കാര്‍ തടഞ്ഞുവച്ച ശമ്പളം സെപ്‌റ്റംബറിൽ തന്നെ കിട്ടുമെന്നാണ് ജീവനക്കാര്‍ കരുതിയത്. ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യവും സെപ്‌റ്റംബറിൽ തന്നെ തിരികെ ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ രണ്ടു കാര്യങ്ങളിലും നിരാശയാണ് ഫലമെന്നും ജോയിന്‍റ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട സംഘടന ധനമന്ത്രിയെയും സമീപിച്ചു.
സി.പി.എം അനുകൂല സർവീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ധനമന്ത്രിക്ക് നിവേദനം നല്‍കി. ഇനി ഒരു സാലറി ചലഞ്ച് കൂടി താങ്ങാനുള്ള ശേഷി ജീവനക്കാര്‍ക്കില്ലെന്ന് അവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഭരണ പക്ഷത്തെ രണ്ട് പ്രമുഖ സർവീസ് സംഘടനകള്‍ രണ്ടാം സാലറി ചലഞ്ചിനെതിരെ രംഗത്ത് വന്നതോടെ തീരുമാനം പുനപരിശോധിക്കാനുള്ള തീരുമാനത്തിലാണ് ധനവകുപ്പ്. ഇക്കാര്യത്തിൽ തീരുമാനം വൈകാതെയുണ്ടാകുമെന്നാണ് സൂചന.