തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണം പഠിക്കാനുള്ള വിദഗ്‌ധ സമിതിയുടെ പരിഗണന വിഷയങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചു. തുറമുഖ നിര്‍മാണം മൂലം തീരശോഷണമുണ്ടായ പ്രദേശങ്ങള്‍, തീരശോഷണം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എത്രമാത്രം, ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍, തുറമുഖ നിര്‍മാണത്തില്‍ മത്സ്യബന്ധനമേഖലയിലും സമുദ്ര ആവാസവ്യവസ്ഥയിലും ഉണ്ടായ മാറ്റങ്ങള്‍ എന്നിവയാണ് സര്‍ക്കാര്‍ നിശ്ചയിച്ച പരിഗണന വിഷയങ്ങള്‍.
സര്‍ക്കാര്‍ നിശ്ചയിച്ച 'ടേംസ് ഓഫ് റഫറന്‍സ്' പ്രകാരമാവും വിദഗ്‌ധ സമിതിയുടെ പഠനം. ബന്ധപ്പെട്ട കക്ഷികളുമായി വിദഗ്‌ധ സമിതി ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശമുണ്ട്. നാല് മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും, ആറ് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. എന്നാല്‍ പദ്ധതി ബാധിത പ്രദേശം എന്നല്ലാതെ തീരശോഷണം പഠിക്കേണ്ട ദൂരം ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടില്ല.
ALSO READ: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ക്രിസ്‌മസ് ആഘോഷിച്ച് പ്രതിപക്ഷ നേതാവ്
പഠനം നടത്തേണ്ട തീരദേശത്തിന്‍റെ ദൂരം വിദഗ്‌ധ സമിതിക്ക് തീരുമാനിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം, തീരശോഷണം രൂക്ഷമായ മേഖലകളെ പഠനത്തില്‍ നിന്നും ഒഴിവാക്കാനാണെന്നാണ് സമരസമിതി ആശങ്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു വിദഗധ സമിതിയെ രൂപീകരിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ മുന്‍ അഡീഷണല്‍ ഡയറക്‌ടര്‍ എം.ഡി. കുന്ദലെ അധ്യക്ഷനായ സമിതിയാകും പഠനം നടത്തുക. ഇതു കൂടാതെ ലത്തീന്‍ അതിരൂപത നിയോഗിച്ച വിദഗ്‌ധ സമിതിയും പഠനം തുടരുകയാണ്.