തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിസ്‌മസ് പുതുവത്സര പരിശോധനയില്‍ പിടികൂടിയത് 3.87 കോടി രൂപയുടെ മയക്കുമരുന്ന്. എക്‌സൈസിന്‍റെ സ്‌പെഷ്യല്‍ ഡ്രൈവില്‍ 55.67 ലക്ഷം രൂപയുടെ മദ്യവും പിടികൂടിയിട്ടുണ്ട് (Excise Special Drive Checking on Christmas, New Year Celebration). ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി മൂന്ന് വരെയായിരുന്നു സ്‌പെഷ്യല്‍ ഡ്രൈവ്.
2049 പേരാണ് സ്‌പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത്. ലഹരിക്കടത്തിനായി ഉപയോഗിച്ച 132 വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. 874 പേരാണ് മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായത്. 573.39 ഗ്രാം എംഡിഎംഎ, 168.49 കിലോ കഞ്ചാവ്, 29.48 ഗ്രാം മെത്താംഫിറ്റമിന്‍, 186.77 ഗ്രാം ഹാഷിഷ് ഓയില്‍, 23.44 ഗ്രാം ഹെറോയിന്‍, 90.8 ഗ്രാം നെട്രോസെഫാം ഗുളികകള്‍ എന്നിവയാണ് ഇക്കാലയളവില്‍ എക്‌സൈസ് പിടിയിലായത്.
കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്. 96 കേസുകള്‍ ജില്ലയില്‍ പിടികൂടി. 92 കേസുകളാണ് എറണാകുളത്ത് രജിസ്റ്റര്‍ ചെയ്‌തത്. 16 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്.
1282.65 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. 7808 കേസുകളും രജിസ്റ്റര്‍ ചെയ്‌തു. 15.61 ലക്ഷം രൂപ പിഴ ഈടാക്കി. 30,006 ലിറ്റര്‍ വാഷ്, 494 ലിറ്റര്‍ സ്‌പിരിറ്റ്, 537.4 ലിറ്റര്‍ ചാരായം, 3678.63 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 4916.02 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും പിടികൂടി.
Also read : ക്രിസ്‌മസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ്; കുമളിയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന