തിരുവനന്തപുരം: എറെ വെല്ലുവിളികള്‍ ഏറ്റെടുത്താണ് സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്. മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി, പ്ലസ്‌ടൂ പരീക്ഷകള്‍ ആരംഭിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ പരീക്ഷകള്‍ മാറ്റിവെച്ചു. തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 26ന് പരീക്ഷകള്‍ പുനരാംരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് വലിയ രാഷ്ട്രീയ വിവാദമായി. എന്നാല്‍ വിവാദങ്ങളൊന്നും കണക്കാക്കാതെ മുന്നോട്ട് പോകാന്‍ വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മെയ് മുപ്പതിന് പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. തുടര്‍ന്ന് മൂല്യ നിര്‍ണയവും വേഗത്തില്‍ പൂര്‍ത്തിയാക്കി. പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. ബുധനാഴ്‌ച പ്ലസ്‌ടൂ ഫലവും വന്നു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം ജൂണ്‍ പത്തില്‍ നിന്നും വീണ്ടും നീണ്ടു പോയത്. വ്യാഴാഴ്‌ച എല്‍എസ്‌എസ്, യുഎസ്‌എസ് ഫലം കൂടി വരുന്നതോടെ സംസ്ഥാനത്തെ എല്ലാ പൊതു പരീക്ഷകളുടേയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.