തിരുവനന്തപുരം : എക്‌സാലോജിക് സിപിഎം-സംഘപരിവാര്‍ ഒത്തു കളി ആരോപണം കത്തിച്ച് പ്രതിപക്ഷം, വിചിത്ര വാദമുയര്‍ത്തി പ്രതിരോധം തീര്‍ത്ത് വി മുരളീധരന്‍, തൃശൂര്‍ സീറ്റു വച്ച് സെറ്റില്‍മെന്‍റെന്ന് കടത്തിപ്പറഞ്ഞ് സതീശന്‍, ഏതന്വേഷണത്തനും തയ്യാറെന്ന് എകെ ബാലന്‍ ഇതാണ് ഏകദേശ ചിത്രം.
ഇനി കഥയിലേക്ക്: വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആരവങ്ങളുയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ കമ്പനിയായ എക്‌സാലോജികിനെതിരായ കമ്പനി രജിസ്ട്രാറുടെ കണ്ടെത്തലില്‍ ചുറ്റി ആവനാഴിയിലെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് സംസ്ഥാനത്തെ മൂന്നു മുന്നണികളും. പൊടുന്നനെ കേന്ദ്ര സര്‍ക്കാര്‍ സിപിഎമ്മിനെതിരെ അന്വേഷണവുമായി രംഗത്തു വരുന്നതിനെ സംശയ ദൃഷ്ടിയോടെയാണ് കോണ്‍ഗ്രസ് വീക്ഷിക്കുന്നത്(Exalogic Controversy And How It Affects Kerala Politics).
സമീപകാലത്ത് തെലങ്കാനയില്‍ ബിജെപി പയറ്റിയ സര്‍ക്കാര്‍ വിരുദ്ധ വോട്ട് ചിതറിക്കല്‍ തന്ത്രം കേരളത്തിലും നടപ്പാക്കി തങ്ങളുടെ വിജയ സാദ്ധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ് ഇതിനു പിന്നിലെന്ന ഒരു സംശയം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. മാത്രമല്ല കേരളത്തില്‍ ബിജെപി-സിപിഎം നേരിട്ടേറ്റുമുട്ടല്‍ എന്ന പ്രതീതി സൃഷ്ടിച്ച് അതിനു കളമൊരുക്കാനുള്ള ഒരു തന്ത്രവും ഇതിനു പിന്നിലുണ്ടെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള കേരള സന്ദര്‍ശനവും മുഖ്യമന്ത്രിക്കെതിരായ പ്രധനമന്ത്രിയുടെ ആരോപണങ്ങളും ഇതു ലക്ഷ്യമിട്ടാണെന്ന സംശയം കോണ്‍ഗ്രസിനുണ്ട്. ഇതിന് സിപിഎം നേതാക്കളുടെ മൗനാനുവാദമുണ്ടെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഈ അപകടകരമായ നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെക്കൂറെ കോണ്‍ഗ്രസ് സുരക്ഷിതമെന്നു കരുതുന്ന കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നതിനു ബിജെപി ദേശീയ നേതൃത്വം കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
നിലവില്‍ കേരളത്തിലെ ബിജപി നീക്കങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന കോണ്‍ഗ്രസിന് അത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിനെതിരായ കമ്പനി രജിസ്ട്രാറുടെ കണ്ടെത്തല്‍ ആയുധമാക്കി സിപിഎം-സംഘപരിവാര്‍ കൂട്ടുകെട്ടെന്ന ശക്തമായ ആരോപണമുയര്‍ത്തി പ്രതിപക്ഷ നേതാവു തന്നെ ഇന്നു രംഗത്തു വന്നത് എന്നതു ശ്രദ്ധേയമാണ്. വളരെ ശക്തമായ വാദമുഖങ്ങളാണ് എക്‌സാലോജിക് വിഷയത്തില്‍ സിപിഎം-ബിജെപി കൂട്ടുകെട്ടു സംബന്ധിച്ച് ഇന്ന് സതീശന്‍ ഉയര്‍ത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
സതീശന്‍റെ വാദങ്ങള്‍ ഇങ്ങനെയായിരുന്നു: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഐടി സേവനങ്ങളൊന്നും നല്‍കാതെയാണ് 1.72 കോടി രൂപ കൈപ്പറ്റിതെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ തെളിവെടുപ്പില്‍ ആലുവാ ആസ്ഥാനമായ സിഎംആര്‍എല്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്, ഐടി സേവനം ആവശ്യപ്പെട്ട് സിഎംആര്‍എല്‍ പരസ്യം നല്‍കിയതിനും തെളിവില്ല, ഈ സാഹചര്യത്തില്‍ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക് സിഎംആര്‍എലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ അഴിമതിയാണ്, കള്ളപ്പണം വെളുപ്പിക്കലാണ്.
ഇത് 2013ലെ കമ്പനി നിയമത്തിന്റെ 447, 448, 188 എന്നവിയുടെ ലംഘനമാണ്, ഈ സാഹചര്യത്തില്‍ ഇതു സംബനന്ധിച്ച് അന്വേഷണം നടത്തേണ്ടത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും(ഇഡി) സിബിഐയുമാണ്. എന്നാല്‍ അതിനു പകരം കുറ്റ പത്രം സമര്‍പ്പിക്കുന്നതിനോ ശിക്ഷിക്കുന്നതിനോ അധികാരമില്ലാത്ത കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലത്തിന്‍റെ അന്വേഷണം പ്രഖ്യാപിച്ചത് സിപിഎം-പിണറായി-സംഘപരിവാര്‍ കൂട്ടുകെട്ടാണ് എന്നാണ് സതീശന്‍ ഉയര്‍ത്തിയ വാദം. മാത്രമല്ല, ഇത് തൃശൂര്‍ സീറ്റു വച്ചുള്ള സെറ്റില്‍മെന്‍റാണെന്നുള്ള ആരോപണവും സതീശന്‍ നിരത്തി.
സ്വര്‍ണക്കടത്ത്, എസ്എന്‍സി ലാവ്‌ലിന്‍, കരുവന്നൂര്‍, ലൈഫ് മിഷന്‍ എന്നിവയ്‌ക്കെതിരായ അന്വേഷണം കേന്ദ്ര ഏജന്‍സികളും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ഒത്തുകളിച്ച് അന്വേഷണം എങ്ങുമെത്തിച്ചില്ലെന്ന വാദവും സതീശന്‍ ഇപ്പോഴത്തെ സിപിഎം-ബിജെപി ധാരണയെന്ന ആരോപണത്തിനു ശക്തിപകരാന്‍ ഉപയോഗിക്കുന്നു.
ഇത് കൊള്ളേണ്ടിടത്തു കൊണ്ടു എന്നു തെളിയിക്കുന്നതായി അതിനു പിന്നാലെ സതീശനെതിരെ ആരോപണങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തു വന്നതെന്നു വ്യക്തം. എന്നാല്‍ അദ്ദേഹം സതീശനെതിരെ ഉയര്‍ത്തിയത് ദുര്‍ബ്ബല പ്രതിരോധമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ബാംഗ്ലൂരിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനോട് എക്‌സാലോജികിനെതിരെ സിബിഐ,ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ സതീശന്‍ തയ്യാറാകുമോ എന്നായിരുന്നു മുരളീധരന്റെ വെല്ലുവിളി.
എന്നാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എന്നത് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമാണെന്നും അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കര്‍ണാടക സര്‍ക്കാരിനല്ല, കേന്ദ്ര സര്‍ക്കാരിനാണ് സമര്‍പ്പിക്കുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കമ്പനികള്‍ രജിസറ്റര്‍ ചെയ്യുന്നത് 2013 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ കമ്പനി നിയമ പ്രകാരമാണെന്നും ഇതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണാധികാരമില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടക സര്‍ക്കാരിന് യാതൊരറിവും ഇല്ലാത്തതും കേന്ദ്രത്തിന്‍റെ കൈവശമാത്രം എത്തിയിട്ടുള്ളതുമായ ഒരന്വേഷണ റിപ്പോര്‍ട്ടില്‍ എങ്ങനെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെടും എന്നതും പ്രസക്തമാണ്. കേന്ദ്രമന്ത്രി മുരളീധരന്‍റെ വാദത്തിന്റെ മുനയൊടിയുന്നത് ഇവിടെയാണ്. എന്നാല്‍ എക്‌സാലോജിക് സിഎംആര്‍ എല്ലിന് സേവനങ്ങള്‍ നല്‍കിയതിനാണ് പണം നല്‍കിയതെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കുമോ എന്ന മുരളീധരന്റെ ചോദ്യം പ്രസക്തമാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിപക്ഷം ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തന്നെയാണ് സാദ്ധ്യത. അതിനിടെ ഇക്കാര്യത്തില്‍ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ രംഗത്തു വന്നു. വേണ്ടി വന്നാല്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കും. അന്വേഷണം നടക്കട്ടെയെന്നും ബാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷത്തിനെതിരെ എല്ലാ ദിവസവും ആരോപണമുയര്‍ത്തുന്ന മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവായ മന്ത്രി മുഹമ്മദ് റിയാസാകാട്ടെ ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണത്തിന് തയ്യാറായിട്ടുമില്ല.
പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ഇത് കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാനുള്ള സിപിഎം-ബിജെപി ഒത്തു കളിയോ, അതോ വെറും ഇലക്ഷന്‍ സ്റ്റണ്ടോ, അതോ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ആരോപണങ്ങളില്‍ സത്യത്തില്‍ കഴമ്പുണ്ടോ? കൗതുക പൂര്‍വ്വം കേരളം കാത്തിരിക്കുന്നത് ഇക്കാര്യത്തില്‍ മൂന്നു മുന്നണികളുടെയും തുടര്‍ നീക്കങ്ങളാണ്.