തിരുവനന്തപുരം: കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും അകത്തുകയറി അവശ്യ സാധനം വാങ്ങുന്നതിന് ജില്ലയിൽ നിയന്ത്രണം. സാധനങ്ങളുടെ ലിസ്റ്റ് നല്‍കിയാല്‍ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ പുറത്ത് സാധനങ്ങള്‍ എത്തിക്കും. വാട്‌സാപ്പ് വഴിയും ലിസ്റ്റ് കൈമാറാം. ഇതിനായി വാട്‌സാപ്പ് നമ്പര്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കും.
ഫോണിലൂടെ വീട്ടിലിരുന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ തയ്യാറായിക്കഴിഞ്ഞാല്‍ കടയില്‍ നിന്നും തിരികെ വിളിച്ച് അറിയിക്കുമെന്നും വ്യാപാര സംഘടനകള്‍ അറിയിച്ചു. ജില്ലാ കലക്‌ടറുമായി വ്യാപാരികളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അത്യാവശ്യ സാധങ്ങൾ വേണ്ട ഉപഭോക്താക്കള്‍ക്ക് ലിസ്റ്റ് എഴുതി നല്‍കുന്നതിന് പേനയും പേപ്പറും കൂട്ടത്തില്‍ സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പിട്ട് കൈ കഴുകാന്‍ ഉള്ള സൗകര്യം നിര്‍ബന്ധമാക്കണം, കടയുടെ മുന്നില്‍ ഒന്നര മീറ്റര്‍ അകലത്തില്‍ ഉപഭോക്താക്കളെ നിർത്താന്‍ വൃത്തങ്ങള്‍ നിര്‍ബന്ധമായും വരച്ചിടണം, ഒരു കടയ്ക്ക് ഒരു പാസ് എന്നത് നിബന്ധനകള്‍ക്ക് വിധേയമായി വർധിപ്പിക്കാനും, വിതരണം സുഗമമാക്കുക്കാനും കലക്‌ടർ നിർദേശിച്ചു.
അവശ്യ സാധനങ്ങളുടെ വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്ക് സാധനങ്ങൾ എത്തിക്കാനുള്ള വഴിയൊരുക്കും. ചില വ്യാപാരികള്‍ നിലവിലെ അവസരം മുതലെടുക്കാന്‍ പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കും ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടതായും കലക്‌ടർ അറിയിച്ചു. ജില്ലയില്‍ ചില സ്ഥാപനങ്ങള്‍ പൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്.