തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന്‍റെ തീപിടിത്തം വിവാദമായ പശ്ചാത്തലത്തില്‍ പ്ലാന്‍റ് സ്ഥിതിചെയ്യുന്ന എറണാകുളം ജില്ലയിലെ കലക്‌ടർ രേണു രാജിന് സ്ഥലം മാറ്റം. രേണു രാജ് ഉള്‍പ്പെടെ നാല് ജില്ല കലക്‌ടര്‍മാരെ സ്ഥലം മാറ്റാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായിരുന്നു എന്‍ എസ് ഉമേഷ് ആണ് പുതിയ എറണാകുളം ജില്ല കലക്‌ടർ.
സംസ്ഥാനത്തെ മികച്ച കലക്‌ടറായി റവന്യൂ വകുപ്പ് തെരഞ്ഞെടുത്ത വയനാട് ജില്ല കലക്‌ടര്‍ എം ഗീതയ്ക്ക് പകരമാണ് രേണു രാജിന്‍റെ പുതിയ നിയമനം. ഗീതയെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. എന്‍ എസ് ഉമേഷിന് പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി സ്‌നേഹില്‍ കുമാറിനെയും നിയമിച്ചു.
ആലപ്പുഴ ജില്ല കലക്‌ടര്‍ വി ആര്‍ കൃഷ്‌ണതേജ മൈലവരപ്പിനെ തൃശൂര്‍ ജില്ല കലക്‌ടറായി മാറ്റി നിയമിച്ചു. തൃശൂര്‍ ജില്ല കലക്‌ടറായിരുന്ന ഹരിത വി കുമാറാണ് ആലപ്പുഴയുടെ പുതിയ കലക്‌ടര്‍. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ തീപിടിത്തം സംബന്ധിച്ച് വിവാദമുയര്‍ന്നതിന് പിന്നാലെയാണ് രേണു രാജിന്‍റെ സ്ഥലം മാറ്റം.
വിഷയത്തിന്‍റെ വിചാരണ ഘട്ടത്തിൽ കലക്‌ടര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതി അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് കോടതിയിൽ എത്തണമെന്നും ഹൈക്കോടതി താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രഹ്മപുരം പ്ലാന്‍റിലെ തീ അണയും മുന്നേ തന്നെ രേണു രാജിന് സ്ഥലം മാറ്റം നൽകിയത്.
വിമർശിച്ച് ഹൈക്കോടതി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ മനുഷ്യ നിർമിതമാണോ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദ്യമുന്നയിച്ചിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിലായിരുന്നു ഹൈക്കോടതിയുടെ നിർണായകമായ ഇടപെടൽ. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്‌റ്റിസിനയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്തത്.
ഖരമാലിന്യ സംസ്‌കരണം നേരിട്ട് വിലയിരുത്തണമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ ഖരമാലിന്യ സംസ്‌കരണം കാര്യക്ഷമാക്കാനും കോടതി തീരുമാനിച്ചു. കോർപറേഷന്‍റെ പ്രവർത്തനം ഹൈക്കോടതി നേരിട്ടും, മുനിസിപ്പാലിറ്റികളുടെ പ്രവർത്തനം അർബൻ ഡയറക്‌ടറും നിരീക്ഷിക്കും. നിരീക്ഷണത്തിനായി മൂന്ന് അമിക്കസ് ക്യൂറിമാരെയും നിയോഗിക്കുമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
ബ്രഹ്‌മപുരത്തെ മലിനീകരണ നിയന്ത്രണ ബോർഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ജൂണ്‍ ആറിന് മുൻപ് കൊച്ചിയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സംവിധാനം കാര്യക്ഷമമാക്കണമെന്നും വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീപിടിത്തം മനുഷ്യ നിർമിതമാണോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്. എന്നാൽ വിഷയം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
എ ഗീത കോഴിക്കോട്ടേക്ക്: റവന്യു വകുപ്പ് ഏർപ്പെടുത്തിയ മികച്ച ജില്ല കലക്‌ടർക്കുള്ള പുരസ്‌കാരത്തിന് അർഹയായ വയനാട് ജില്ല കലക്‌ടർ എ ഗീതയേയാണ് കോഴിക്കോട്ടേയ്‌ക്ക് സ്ഥലം മാറ്റിയത്. സംസ്ഥാനത്തെ ആദിവാസി പിന്നാക്ക ജനവിഭാഗങ്ങള്‍ ഏറെയുള്ള ജില്ലയില്‍ കലക്‌ടര്‍ എന്ന നിലയില്‍ നടത്തിയ മികച്ച ഇടപെടലുകള്‍ കൂടി കണക്കിലെടുത്താണ് എ ഗീതയെ തേടി മികച്ച കലക്‌ടർക്കുള്ള അംഗീകാരമെത്തിയത്.
കൂടാതെ സംസ്ഥാനത്തെ മികച്ച കലക്‌ട്‌റേറ്റായും വയനാട് കലക്‌ട്‌റേറ്റിനെ തെരഞ്ഞെടുത്തിരുന്നു. 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ എ ഗീത എന്‍ട്രന്‍സ് പരീക്ഷ കമ്മിഷണറായിരിക്കെ 2021 സെപ്‌റ്റംബര്‍ ഒമ്പതിനാണ് വയനാട് ജില്ല കലക്‌ടറായി ചുമതലയേറ്റത്.