എറണാകുളം: ജില്ലയിലെ 63,000 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ലാതല കർമസമിതി യോഗം ചേർന്നു. 73,000 ഡോസ് വാക്സിൻ ജില്ലക്ക് ലഭ്യമായതിൽ 1,040 ഡോസ് കേന്ദ്ര സർക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവർത്തകർക്കും 71,290 ഡോസ് വാക്സിൻ സംസ്ഥാന സർക്കാരിന്‍റെ ആരോഗ്യ പ്രവർത്തകർക്കുമാണ് നൽകുന്നത്. വാക്സിൻ സെന്‍ററുകളിൽ ഒരു ദിവസം നൂറു പേർക്ക് വീതം 12 സെന്‍ററുകളിലായി 1,200 പേർക്കായിരിക്കും വാക്സിൻ നൽകുക. ജില്ലയിലെ 19 ബ്ലോക്കുകളിലായി 260 വാക്സിൻ സെന്‍ററുകളാണ് കണ്ടെത്തിയിട്ടുള്ളത്. ആയുഷ്, ഹോമിയോ, സ്വകാര്യ ആശുപത്രികളെയും വാക്സിൻ സെന്‍ററുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിനാണ് ഒരാൾക്ക് നൽകുക. ആദ്യത്തെ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നൽകുക. ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിൻ രണ്ട് മാസം കൊണ്ട് പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള ടാസ്ക് ഫോഴ്സ് അതാത് മെഡിക്കൽ ഓഫീസർമാരുടെയും, തഹസീൽദാർമാരുടെയും നേതൃത്വത്തിൽ നടത്തും. നിലവിലുള്ള 12 വാക്സിൻ സെന്‍ററുകളിലെ വാക്സിനേറ്റർമാർക്കും, മറ്റ് ടീം അംഗങ്ങൾക്കുമുള്ള പരിശീലനം പൂർത്തിയായി.
രണ്ടാം ഘട്ടത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻ നിരയിൽ നിൽക്കുന്ന റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വിഭാഗങ്ങൾക്കാണ് നൽകുക. മൂന്നാം ഘട്ടത്തിൽ 50 വയസിനു മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകും. ജില്ലയിൽ എറണാകുളം ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രി പിറവം, ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം, കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, ചെല്ലാനം പ്രാഥമികാരോഗ്യകേന്ദ്രം, ഗവ. മെഡിക്കൽ കോളജ് എറണാകുളം, ആസ്റ്റർ മെഡിസിറ്റി കൊച്ചി, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, എം.ഒ.എസ്.സി മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, എറണാകുളം ഗവ. ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, കടവന്ത്ര നഗരാരോഗ്യ കേന്ദ്രം ഉൾപ്പടെ 12 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.