തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നെന്ന ആരോപണം ശരിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇത്തരത്തിലൊരു ആക്രമണം ആസൂത്രണം ചെയ്‌തത് വി.ഡി സതീശനും, കെ.സുധാകരനുമാണെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. അക്രമത്തെ അപലപിക്കുകയാണ് വേണ്ടത്, അല്ലാതെ കുട്ടികളെന്ന് പറഞ്ഞ് സംരക്ഷിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദികളുടെ സമരങ്ങളല്ലാതെ മറ്റൊരു സമരവും വിമാനത്തിനുള്ളില്‍ നടന്നിട്ടില്ല. അക്രമ സമരം പരാജയപ്പെട്ടപ്പോള്‍ യു.ഡി.എഫ് ഭീകരവാദ പ്രവര്‍ത്തനം നടത്തുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ താന്‍ മര്‍ദിച്ചുവെന്ന ആരോപണവും ജയരാജന്‍ തള്ളി.
മുഖ്യമന്ത്രിയെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ നോക്കി നില്‍ക്കാനായില്ലെന്നും ആക്രമണത്തില്‍ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണ് ചെയ്‌തതെന്നും ജയരാജന്‍ പറഞ്ഞു. പ്രക്ഷോപമെന്ന പേരില്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് യു.ഡി.എഫ് അക്രമം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമത്തിലൂടെ വെടിവെപ്പും കലഹവുമാണ് യു.ഡി.എഫിന്‍റെ ലക്ഷ്യമെന്നും അതിനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ഓഫിസിന് നേരെയുണ്ടായ ആക്രമണം പാര്‍ട്ടി പരിശോധിക്കും. യു.ഡി.എഫ് ആക്രമണം തുടരുമ്പോള്‍ പ്രവര്‍ത്തകര്‍ വികാരത്തിന് അടിമപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ജനങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നാണ് ഇടത് മുന്നണിയുടെ നിലപാട്.
കെ.റെയില്‍ പദ്ധതിയില്‍ നിന്ന് ഒരു തിരിച്ച് പോക്കുണ്ടാവില്ലെന്നും വികസനമാണ് ഇടത് പക്ഷത്തിന്‍റെ ലക്ഷ്യമെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
also read: വിമാനത്തിലെ പ്രതിഷേധം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തു, കാല്‍ തല്ലിയൊടിക്കുമെന്ന് ഡി.വൈ.എഫ്.ഐ