തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ മരണത്തെ കോണ്‍ഗ്രസ് നേതൃത്വം വിവാദമാക്കാന്‍ പാടില്ലായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്ത്യയിലെ ഉന്നതനായ കോണ്‍ഗ്രസ് നേതാവാണ് ഉമ്മന്‍ചാണ്ടി. മരണം വിവാദമാക്കിയതിലൂടെ അദ്ദേഹത്തോടുള്ള ആദരവ് ദുര്‍ബ്ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നില്‍ പഴയ ഗ്രൂപ്പ് വൈരമാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നതായി ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജയരാജന്‍ പറഞ്ഞു.
എല്ലാവരും ഉമ്മന്‍ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് അത് വിവാദമാക്കുന്നത് സങ്കുചിത താല്‍പര്യത്തോടെയാണ്. ഉമ്മന്‍ചാണ്ടിയുടെ പേരു പറഞ്ഞ് സിപിഎമ്മിനു നേരെ എന്താരോപണമാണ് കോണ്‍ഗ്രസിന് ഉന്നയിക്കാനുള്ളത്. കെ. കരുണാകരനെതിരെ ആരോപണം ഉന്നയിച്ചത് സിപിഎം ആയിരുന്നോ? മാലി ദ്വീപില്‍ നിന്ന് രണ്ടു വനിതകളെ കൊണ്ടു വന്ന് നമ്പി നാരയണന്‍ എന്ന ശാസ്ത്രജ്ഞനെ വേട്ടയാടിയില്ലേ? ഇതിനു പിന്നില്‍ കോണ്‍ഗ്രസുകാരായിരുന്നില്ലേ? ഇത്തരത്തില്‍ വേട്ടയാടി പരിശീലനം നേടിയിട്ടുള്ളവരാണ് ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത്. ആളുകളെ കൊല്ലാന്‍ ഗുണ്ട സംഘങ്ങളെ നിയോഗിച്ചിട്ടുള്ളവരാണ് ഇന്നത്തെ കോണ്‍ഗ്രസിനെ നയിക്കുന്നത്. ഈ സമീപനങ്ങള്‍ കോണ്‍ഗ്രസിനു നാശമുണ്ടാക്കുമെന്നല്ലാതെ സിപിഎമ്മിനോ എല്‍ഡിഎഫിനോ ഒരു പ്രശ്‌നവുമുണ്ടാക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
വിഡി സതീശന് മറുപടി: ഒരു സ്ത്രീയെ ക്ലിഫ് ഹൗസില്‍ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കേസ് സിബിഐക്കു കൈമാറിയെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങള്‍ ജയരാജന്‍ നിഷേധിച്ചു. ഇക്കാര്യം സതീശന്‍ എന്തു കൊണ്ട് ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ പുറത്തു പറഞ്ഞില്ലെന്ന് ജയരാജന്‍ ചോദിച്ചു. മുഖ്യമന്ത്രിയെ അറിയുന്നവരൊന്നും ഇക്കാര്യം വിശ്വസിക്കില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വലിച്ചിഴക്കാന്‍ കഴിയില്ല.
ഒരു പരാതി ആരെഴുതിക്കൊടുത്താലും പരിശോധിച്ച് നടപടിയെടുക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. സതീശനും സുധാകരനും എതിരായ പരാതികളിലും പൊലീസ് അതാണ് ചെയ്യുന്നത്. ഇപ്പോള്‍ സിപിഎമ്മിനെതിരെ ആരോപണമുയര്‍ത്തി തങ്ങള്‍ക്കെതിരായ കുറ്റാരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടിയുടെ മരണം ഉയര്‍ത്തുന്ന സഹതാപത്തെ തിരിച്ചു വിടാന്‍ കഴിയുമോ എന്നാണ് സതീശനും സുധാകരനും കോണ്‍ഗ്രസ് നേതാക്കളും നോക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.
ഏറ്റവുമധികം വേട്ടയാടലിനു വിധേയമായത് സിപിഎം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ എന്നല്ല, സിപിഎം ആരെയും വേട്ടയാടിയിട്ടില്ല. അത് സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ നയമല്ല. പരാതി അന്വേഷിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. സിപിഎമ്മിനെ വേട്ടയാടിയതു പോലെ ആരെയെങ്കിലും വേട്ടയാടിയിട്ടുണ്ടോ. തന്നെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ ഉപയോഗിച്ചവരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളത്. സിപിഎമ്മിനോട് മാപ്പവാശ്യപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം ആദ്യം മാപ്പു പറയേണ്ടത് ഉമ്മന്‍ചാണ്ടിയോടാണ്. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സ്വൈര്യം കൊടുക്കാത്തത് അവരാണെന്നും ഇപി ജയരാജൻ ആരോപിച്ചു.
സുധാകരനും സുധീരനും ജനങ്ങളെ നേരിടാന്‍ ഭയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരം വേണ്ടെന്ന് ആദ്യം പറഞ്ഞ സുധാകരനും സുധീരനും പിന്നീട് അഭിപ്രായം മാറ്റി. ഇത് രാഷ്ട്രീയ മത്സരമാണ്. അല്ലാതെ ഏതെങ്കിലും കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള രാഷ്ട്രീയ വേദിയാണ് തെരഞ്ഞെടുപ്പ്. സുധാകരനും സുധീരനും പോലെയുള്ള നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണ്.
തിരിച്ചടി അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി കണ്ടു പിടിച്ച വിദ്യയാണ് തെരഞ്ഞെടുപ്പ് വേണ്ടെന്ന വാദം. പുതുപ്പള്ളിയില്‍ ബിജെപിക്കാര്‍ മാറി നില്‍ക്കുമോ. ജനങ്ങളോട് ഒന്നും പറയാനില്ലാത്ത അരാഷ്ട്രീയ വാദികളാണ് കോണ്‍ഗ്രസുകാര്‍. ഏകീകൃത സിവില്‍കോഡ് ഇപ്പോള്‍ ഇന്ത്യയില്‍ വേണ്ടെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ഒരു 100 വര്‍ഷം കഴിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ജയരാജന്‍ പറഞ്ഞു.