തിരുവനന്തപുരം: സിപിഎമ്മിന്‍റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിനായി ഇ പി ജയരാജൻ തലസ്ഥാനത്ത് എത്തിച്ചേർന്നു. ഇന്ന് രാവിലെ മാവേലി എക്‌സ്പ്രസിനാണ് ഇ പി ജയരാജൻ തിരുവനന്തപുരത്ത് വന്നിറങ്ങിയത്. ഇ പി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം ചർച്ച ചെയ്യുന്ന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ കൂടിയായ ഇ പിയുടെ പല നിർണായക തീരുമാനങ്ങളും ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്‌ടോബർ 6 മുതൽ ചികിത്സയ്ക്കായി അവധിയിൽ കഴിയുന്ന ഇ പി ജയരാജൻ ഒരു ഇടവേളയ്ക്കു ശേഷമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കണ്ണൂരിൽ നിന്നുള്ള പി ജയരാജൻ ഉയർത്തിയ ആരോപണത്തിന് വിശദീകരണം നല്‍കാന്‍ കൂടിയാണ് ഇ പി യോഗത്തിനെത്തുന്നത്. കണ്ണൂരിലെ വൈദേകം ആയുർവേദ റിസോർട്ടിൽ ഇ പി ജയരാജന്‍റെ കുടുംബത്തിനുള്ള സാമ്പത്തിക പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് പി ജയരാജൻ ആരോപണം ഉന്നയിച്ചത്.
സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന ആരോപണം പുറത്തേക്ക് കത്തിപ്പടർന്നതോടെ പി ജയരാനൊപ്പമാണോ ഇ പി ജയരാജനൊപ്പമാണോ നില്‍ക്കുക എന്ന് സിപിഎം വ്യക്തമാക്കിയിട്ടില്ല. പി ബി അംഗം കൂടിയായ ഇ പി ജയരാജനെതിരെയുള്ള ആരോപണം ഗുരുതരമായാണ് പാർട്ടി കാണുന്നത്. പി ജയരാജനോട് പരാതി എഴുതി അറിയിക്കാൻ സംസ്ഥാന കമ്മിറ്റി അറിയിച്ചെങ്കിലും ഇതുവരെ അത് ഉണ്ടായിട്ടില്ല.
സെക്രട്ടേറിയറ്റ് അംഗമല്ലാത്തതിനാൽ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ പി ജയരാജൻ പങ്കെടുക്കില്ല.