എറണാകുളം: സിനിമ ടിക്കറ്റ് ബുക്കിങ്ങിന് പുതിയ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍. 'എന്‍റെ ഷോ' എന്ന പേരില്‍ സര്‍ക്കാര്‍ വികസിപ്പിച്ച ആപ്പ് ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ആപ്ലിക്കേഷന്‍റെ പ്രവര്‍ത്തനം ഫിലിം ചേംമ്പര്‍ മുമ്പാകെ അവതരിപ്പിച്ചു. നിലവിലെ ടിക്കറ്റ് ബുക്കിങ് ആപ്പായ 'ബുക്ക് മൈ ഷോ'യിലൂടെയുള്ള സാമ്പത്തിക നഷ്‌ടം കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ ആപ്പ് വികസിപ്പിച്ചത് (Ente Show Govt Application). ഫിലിം ചേംബർ സെക്രട്ടറിയും നിർമാതാവുമായ സജി നന്ത്യാട്ട് എന്‍റെ ഷോ ആപ്പിനെ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിച്ചു.
ബുക്ക് മൈ ഷോയിലൂടെ സിനിമ ടിക്കറ്റെടുക്കുമ്പോള്‍ ഒരു ടിക്കറ്റില്‍ നിന്നും 35 രൂപ വരെ ബുക്കിങ് ചാര്‍ജായി ആപ്പ് ഈടാക്കുന്നു. ഇത് സാധാരണ പ്രേക്ഷകര്‍ക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ബുക്കിങ്ങിന് മറ്റ് മാര്‍ഗങ്ങളില്ലാത്തതും പ്രേക്ഷകരെ വലച്ചു. മാത്രമല്ല എടുത്ത ടിക്കറ്റ് കാന്‍സല്‍ ചെയ്‌താലും വലിയ സാമ്പത്തിക നഷ്‌ടവും ഉണ്ടാകും (BookMyShow). നിലവില്‍ പ്രേക്ഷകര്‍ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ 'എന്‍റെ ഷോ' യിലൂടെ പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ (Govt Application For Film Ticket Booking).
ചലച്ചിത്ര ക്ഷേമ നിധി ബോർഡ് ചെയർമാനും നടനുമായ മധുപാലും കെഎസ്എഫ്‌ഡിസി പ്രതിനിധികളുമാണ് ആപ്പിന്‍റെ പ്രവർത്തനം വിശദീകരിച്ചത്. എന്‍റെ ഷോയിലൂടെ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 1.50 രൂപയാണ് സര്‍ക്കാറിന് ലഭിക്കുക. ബുക്കിങ് നിരക്ക് അതത് തിയേറ്ററുകള്‍ക്ക് തീരുമാനിക്കാം.
സർക്കാർ ക്ഷേമനിധിയിലേക്കുള്ള സെസുകളും നികുതികളും കൃത്യമായി ഇതുവഴി നൽകാനും കഴിയുമെന്ന് ഫിലിം ചേംബർ സെക്രട്ടറി സജി നന്ത്യാട്ട് (Film Chamber Secretary Saji Nanthiyatt) പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷുമായി നേരത്തെ ഇക്കാര്യം ചർച്ച ചെയ്‌തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി (Saji Nanthiyatt About Ente Show Govt Application).
ആപ്പിനൊപ്പം ആശങ്കയും: കമ്പ്യൂട്ടറും പ്രിന്‍ററും അടക്കമുള്ള മുഴുവന്‍ സംവിധാനങ്ങളുമായി ബുക്ക് മൈ ഷോ പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ ആപ്പിന് പൂര്‍ണ സംവിധാനങ്ങള്‍ ഒരുക്കാനാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ടിക്കറ്റ് പണം ട്രഷറിയില്‍ എത്തിയാല്‍ അത് എപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് ലഭ്യമാകും എന്നതും ഗൗരവമേറിയ കാര്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്‌ത് കാന്‍സല്‍ ചെയ്‌താല്‍ പണം തിരികെ ലഭിക്കുന്നതിനെ കുറിച്ചും സംശയങ്ങളുണ്ട്.