തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് (ജൂണ്‍ 25) പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കുക. ഗാര്‍ഹിക നിരക്കില്‍ 18 ശതമാനം വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്.
യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധനയാണുണ്ടാവുക. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ധനക്കുള്ള താരിഫ് പ്ലാനാണ് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചിരിക്കുന്നത്. വരവും ചെലവും കണക്കാക്കിയുള്ള വര്‍ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനവും ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ധനയും ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയില്‍ നിന്ന് 6.86 രൂപയാക്കി ഉയര്‍ത്തണം.
കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് വര്‍ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. വലിയ വര്‍ധന ഉണ്ടാകില്ലെന്നും പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വര്‍ധനയാണ് ആഗ്രഹിക്കുന്നതെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.