തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനവ് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വൈകിട്ട് നാല് മണിക്ക് ചേരുന്ന യോഗത്തില്‍ കെഎസ്ഇബി ചെയര്‍മാന്‍, ഡയറക്‌ടര്‍, ഹോം സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി രൂക്ഷമായതോടെ വൈദ്യുതി നിരക്ക് വര്‍ധവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വൈദ്യുതി മന്ത്രി തന്നെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
നിലവില്‍ ദിവസേന 10 കോടി രൂപയുടെ വൈദ്യുതി സര്‍ക്കാര്‍ പുറത്ത് നിന്ന് വാങ്ങുന്നുണ്ട്. സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞത് വൈദ്യുതി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഇതോടെ പുറത്ത് നിന്നും വാങ്ങുന്ന വൈദ്യുതിയുടെ തോതും ഉയര്‍ന്നു. ഇതാണ് നിലവിലുണ്ടായ പ്രതിസന്ധിക്ക് കാരണം.
പ്രതിസന്ധി മറികടക്കാന്‍ നിരക്ക് വര്‍ധന വേണ്ടി വന്നേക്കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനവ് ഒഴിവാക്കാനുള്ള സാധ്യതയും തള്ളാനാകില്ല.
മഴ വന്നില്ല, ഡാം നിറഞ്ഞില്ല: സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നത്. കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്നാണിത്. തുലാമഴ കൂടി ദുര്‍ബലപ്പെട്ടാല്‍ പ്രതിസന്ധി ഇനിയും രൂക്ഷമാകും. ഇന്നത്തെ യോഗത്തില്‍ നിരക്ക് വര്‍ധനവ് തീരുമാനിച്ചാല്‍ ഓണത്തിന് മുന്‍പ് തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
രാവിലെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് ചര്‍ച്ച ആയേക്കുമെങ്കിലും വൈകിട്ടത്തെ വൈദ്യുതി മന്ത്രിയുടെ ഉന്നതതല യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാവുക. ഉയര്‍ന്ന തോതിലുള്ള വൈദ്യുതി ഉപഭോഗം നടത്തുന്ന എച്ച് ടി ഉപഭോക്താക്കളുടെ ഹര്‍ജിയും നിലനില്‍ക്കുകയാണ്. നിലവില്‍ നിരക്ക് വര്‍ധനക്ക് ഹൈക്കോടതി സ്റ്റേയും നിലനില്‍ക്കുന്നുണ്ട്. കോടതി ഇന്ന് ഈ കേസ് വീണ്ടും പരിഗണിക്കും. റെഗുലേറ്ററി കമ്മിഷന്‍ നേരത്തെ തന്നെ തീരുമാനിച്ച നിരക്ക് വര്‍ധനക്കാണ് ഹൈക്കോടതിയുടെ സ്‌റ്റേ. കോടതിയുടെ സ്‌റ്റേ നീങ്ങിയില്‍ രണ്ടാഴ്ച്ചക്കകം തന്നെ നിരക്ക് ഉയര്‍ത്തി റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ് പ്രതീക്ഷിക്കാം.
വൈദ്യുതി നിയന്ത്രണമാണ് നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരിന്‍റെ മുന്നിലുള്ള മറ്റൊരു മാര്‍ഗം. ചൂട് കൂടിയത് കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് വില കുറഞ്ഞ ദീര്‍ഘകാല കരാറുകാരില്‍ നിന്നുമായിരുന്നു സംസ്ഥാനം വൈദ്യുതി വാങ്ങി വന്നിരുന്നത്. എന്നാല്‍ ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് പലരുടെയും കരാര്‍ മുന്‍കാലങ്ങളില്‍ റദ്ദാക്കിയിരുന്നു. ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. കൂടിയ വിലയ്ക്ക് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള സാധ്യതയും തള്ളാനാകില്ല.