തിരുവനന്തപുരം: മരച്ചീനിയുടെ ഇലയില്‍ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്ന് പുതിയ പഠനം. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ (സിടിസിആര്‍ഐ) കേന്ദ്രത്തിന്‍റേതാണ് കണ്ടുപിടിത്തം. മരച്ചീനിയുടെ വിളവെടുപ്പിന് ശേഷം അവശേഷിക്കുന്ന തണ്ടുകളിലും ഇലകളിലും നിന്ന് ജൈവ കീടനാശിനിക്ക് ഉതകുന്ന രാസവസ്‌തുക്കള്‍ വേര്‍തിരിക്കുന്ന ഗവേഷണമാണ് വൈദ്യുതി ഉല്‍പാദനത്തിലും എത്തിയത്.
മരച്ചീനി ഇലയില്‍ നിന്നും കീടനാശിനി തന്മാത്രകള്‍ യന്ത്രസഹായത്താല്‍ വേര്‍ത്തിരിച്ചെടുത്ത ശേഷം ബാക്കിയുള്ളവയെ മെത്തനോജെനിസിസിന് വിധേയമാക്കി. തുടര്‍ന്ന് അനാവശ്യ വാതകങ്ങൾ നീക്കം ചെയ്‌ത് ശുദ്ധമായ മിഥേൻ വാതകം വേർതിരിച്ചെടുത്തു. ഈ മിഥേനില്‍ നിന്നുമാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ആണവോര്‍ജ്ജ വകുപ്പിന്‍റെ സാമ്പത്തിക പിന്തുണയോടെയാണ് സിടിസിആര്‍ഐയുടെ പ്രിന്‍സിപ്പല്‍ ഗവേഷകന്‍ ഡോ.സിഎ ജയപ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ഗവേഷണം.
രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന സിടിസിആര്‍ഐയുടെ കണ്ടുപിടിത്തം വിജയം കണ്ടിരിക്കുന്നത്. 'ഏക് ഭാരത് ശ്രേഷ്‌ഠ ഭാരത്' പദ്ധതിയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിടിസിആർഐ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിട്ടു.
മരച്ചീനിയില്‍ (കസാവ) നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാല്‍ 'കസാ ദീപ്' എന്നാണ് ഇതിനെ നാമകരണം ചെയ്‌തിരിക്കുന്നത്. ഒരു ഹെക്‌ടര്‍ മരച്ചീനി വിളവെടുക്കുമ്പോള്‍ അഞ്ച് ടണ്‍ ഇലകളും തണ്ടുകളും പാഴായിപോകുമെന്നാണ് കണക്ക്. ഇതില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സാധ്യതയാണ് ഗവേഷണത്തിലൂടെ വിജയം കണ്ടിരിക്കുന്നത്.