തിരുവനന്തപുരം : തിരുവനന്തപുരം പോങ്ങുംമൂട്ടിൽ കൊവിഡ് പോസിറ്റീവ് രോഗികൾ താമസിക്കുന്ന വീട്ടിലെ വൈദ്യുതി കണക്ഷൻ, ബില്ലടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ വിഛേദിച്ചു. 83കാരനും അദ്ദേഹത്തിന്‍റെ മകളും അവരുടെ രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
83 കാരനായ രാജൻ മുൻ കെ എസ് ഇ ബി ഉദ്യോഗസ്ഥനാണ്. മകള്‍ക്കും അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപ് കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതി വിഛേദിക്കാനെത്തിയപ്പോള്‍ കൊവിഡാണെന്നും കഴിഞ്ഞാലുടൻ പണം അടയ്ക്കാമെന്നും വീട്ടുകാർ പറഞ്ഞിരുന്നു.
ALSO READ:വെള്ള, നീല കാര്‍ഡുടമകള്‍ക്ക് ഈ മാസം മുതല്‍ 10 കിലോഗ്രാം അരി : ജി.ആര്‍ അനില്‍
എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ ശനിയാഴ്‌ച രാവിലെയെത്തി വൈദ്യുതി വിഛേദിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പണം കടം വാങ്ങി തൊട്ടടുത്ത വീട്ടുകാരിലൊരാൾ കെ എസ് ഇ ബി യിൽ പണം അടച്ചതിന് ശേഷമാണ് വൈദ്യുതി ലഭിച്ചത്. കെ എസ് ഇ ബി മുൻ ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞിട്ടും മുഖവിലയ്‌ക്കെടുത്തില്ലെന്നും രാജന്‍ പറഞ്ഞു. ഡിസംബർ 23നാണ് കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.