തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഓഗസ്റ്റ് 21ന് വീണ്ടും യോഗം ചേരും. അധിക നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം നേരത്തെ തേടിയിരുന്നു. സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ആകും 21ന് വീണ്ടും യോഗം ചേരുക. ദീർഘകാല കരാർ നീട്ടാൻ അപേക്ഷ നൽകുന്നതിനും യോഗത്തിന് ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളൂ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ നിരക്ക് വർദ്ധനവിൽ ഉടൻ ഒരു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല. നിരക്ക് വർദ്ധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവിനും ഹൈക്കോടതി സ്റ്റേ നിലനിൽക്കുകയാണ്. നിലവില്‍ ദിവസേന 10 കോടി രൂപയുടെ വൈദ്യുതിയാണ് സര്‍ക്കാര്‍ പുറത്ത് നിന്ന് വാങ്ങുന്നത്.
സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞത് വൈദ്യുതി ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതോടെ പുറത്ത് നിന്നും വാങ്ങുന്ന വൈദ്യുതിയുടെ അളവും ഉയര്‍ന്നു. ഇതാണ് നിലവിലുണ്ടായ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ പ്രതിസന്ധി മറികടക്കുന്നതിനായി ചെറിയ തോതിൽ നിരക്ക് വര്‍ദ്ധന വേണ്ടി വന്നേക്കും.
സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നത്. ഇത്തവണ കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്നാണ് ഡാമുകളിൽ വെള്ളത്തിന്‍റെ ദൗർലഭ്യം നേരിടുന്നത്. ഇനി പ്രതീക്ഷയർപ്പിക്കുന്ന തുലാമഴ കൂടി ദുര്‍ബലപ്പെട്ടാല്‍ പ്രതിസന്ധി ഇരട്ടിയാകും എന്നുറപ്പാണ്.
ഹൈക്കോടതിയുടെ സ്‌റ്റേ നീങ്ങിയില്‍ രണ്ടാഴ്‌ചക്കകം തന്നെ നിരക്ക് ഉയര്‍ത്തി റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ് പ്രതീക്ഷിക്കാം. വൈദ്യുതി നിയന്ത്രണമാണ് നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരിന് മുന്നിലുള്ള മറ്റൊരു മാര്‍ഗം. മഴ കുറഞ്ഞതോടെ ചൂട് കൂടിയതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
വില കുറഞ്ഞ ദീര്‍ഘകാല കരാറുകാരില്‍ നിന്നുമായിരുന്നു മുന്‍പ് സംസ്ഥാനം വൈദ്യുതി വാങ്ങിയിരുന്നത്. എന്നാല്‍ ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് പലരുടെയും കരാര്‍ മുന്‍കാലങ്ങളില്‍ റദ്ദാക്കിയതോടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി. കൂടിയ വിലയ്‌ക്ക് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള തീരുമാനങ്ങൾ അടക്കം 21ന് ചേരുന്ന യോഗത്തിലാകും പരിഗണിക്കുക.
മഴയില്ല, ഡാമുകളിൽ വെള്ളമില്ല; മഴ പെയ്‌തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യൂതി ഉത്പാദിപ്പിക്കുന്നതിനായി ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അതേസമയം, നിലവില്‍ വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനമില്ലെന്നും വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയിരുന്നത്.
മഴ പെയ്‌താല്‍ വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട ആവശ്യം വരില്ല. മഴയില്ലെങ്കില്‍ വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടിവരും. വാങ്ങുന്ന വിലയ്‌ക്കേ കൊടുക്കാന്‍ സാധിക്കൂവെന്നും, ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡാമുകളില്‍ മതിയായ വെള്ളമില്ലാത്തതിനാല്‍ അധിക വൈദ്യുതി പണംകൊടുത്ത് വാങ്ങേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.