തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ട്, 10, 14 തിയതികളിലാണ് തെരഞ്ഞെടുപ്പ്.
- ഒന്നാംഘട്ടം ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ
- രണ്ടാംഘട്ടം ഡിസംബര്‍ പത്തിന് കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, പാലക്കാട്
- മൂന്നാം ഘട്ടം ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭസ്കരനാണ് തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകപെരുമാറ്റച്ചട്ടം നിലവിൽ വന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12 ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവാസന തീയതി നവംബര്‍ 19. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും. നാമ നിര്‍ദ്ദേശ പത്രികാ പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് നടക്കും. ഡിസംബര്‍ 25നുള്ളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി അധികാരമേല്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. രാവിലെ 8 മണിക്കു വോട്ടെണ്ണൽ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് വിധിയെഴുത്ത് നടക്കുന്നത്.