സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെയുള്ള പോളിങ് ശതമാനം 50 കടന്നു. ഇതിനിടെ സംസ്ഥാനത്തെ പല ഭാഗങ്ങളിൽ നിന്നും വോട്ടിങ് മെഷീനെതിരെ വ്യാപക പരാതികൾ ഉയർന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോവളം നിയമസഭാ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറിയെന്ന് പരാതി ഉയർന്നു. കോവളം ചൊവ്വര 154 -ാം ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തിയ വോട്ട് താമരയ്ക്ക് പതിഞ്ഞുവെന്നാണ് പരാതി.പരാതിയെ തുടർന്ന് ബൂത്തിലെ മെഷീൻ മാറ്റി സ്ഥാപിച്ചു.
തിരുവനന്തപുരം പട്ടത്ത് വിവിപാറ്റ് മെഷീനെതിരെ പരാതിയുന്നയിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പരിശോധനാ വോട്ട് നടത്തിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവിനെതിരെ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസെടുത്തത്.
ആലപ്പുഴ ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തില്‍ പിഴവ്. ഇവിടെയും താമര ചിഹ്നം തെളിയുന്നതായിരുന്നു പ്രശ്നം. ചേര്‍ത്തലയിലെ കിഴക്കേ നാല്‍പ്പത് ബൂത്തിലാണ് സംഭവം. മോക് പോള്‍ നടക്കുമ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. തുടർന്ന് വോട്ടിങ് മെഷീൻ മാറ്റി സ്ഥാപിച്ചു.
കൊല്ലത്ത് കള്ളവോട്ട് നടന്നതായും പരാതി. മാടൻനട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റാരോാ ചെയ്തെന്ന് പോളിംഗ് ഓഫീസർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കള്ള വോട്ട് നടന്നെന്ന് വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു.
കോവളത്ത് ചൊവ്വരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് വോട്ട് രേഖപ്പെടുത്തുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കലക്ടര്‍ കെ വാസുകി. വോട്ടിങ് മെഷീനിലെ ചില ബട്ടണുകള്‍ക്ക് തകരാര്‍ സംഭവിച്ചതാണ്. ഗുരുതരമായ തകരാറല്ല. പകരം മെഷീന്‍ എത്തിച്ച് വോട്ടിങ് പുനരാരംഭിച്ചെന്നും കലക്ടർ വ്യക്തമാക്കി.എന്നാൽ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വ്യാപകമായി എവിടെയും തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ പെയ്ത മഴയും ഇടിയുമെല്ലാം മെഷീനുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. എന്നാല്‍, വ്യാപകമായി എവിടെയും പ്രശ്നങ്ങളില്ലെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.