തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ ഏൽദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായി വധശ്രമ കുറ്റം കൂടി ഉള്‍പ്പെടുത്തിയ റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 307 കൊലപാതക ശ്രമം, 354 (ബി) മർദിച്ച് ബലപ്രയോഗത്താൽ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായ അനിൽ കുമാറാണ് റിപ്പോർട്ട് സമർപ്പിച്ചത്.
എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് നല്‍കിയത്. നേരത്തേ 376, 323, 362 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയത്. കേസ് ശനിയാഴ്‌ച (ഒക്‌ടോബര്‍ 22) തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി വാദം പരിഗണിക്കും. പിആർ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയായാണ് സ്‌ത്രീ തന്നെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം ഉണ്ടാകുകയുമായിരുന്നു.
ശേഷം, ഒരു ദിവസം ഏൽദോസ് കുന്നപ്പിള്ളിയുടെ ഓഫിസിൽ എത്തിയ സ്‌ത്രീ ഇയാളുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ചുകൊണ്ട് പോയി. പണം ആവശ്യപ്പെടുകയും ഇത് നിരസിച്ചപ്പോൾ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ് ചെയ്‌തതെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.