തിരുവനന്തപുരം : ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്ക് ഇന്ന് നിര്‍ണായക ദിനം. സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം ഇന്ന് നല്‍കണമെന്നാണ് കെപിസിസിയുടെ അന്ത്യശാസനം. സ്വാഭാവിക നീതിയുടെ ഭാഗമായാണ് ആരോപണ വിധേയന് വിശദീകരണം നല്‍കാന്‍ കെപിസിസി ഇത്രയും സമയം അനുവദിച്ചത്.
ഇതിനുപുറമേ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ല കോടതി ഇന്ന് വിധി പറയും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഒക്‌ടോബര്‍ 15നാണ് കോടതി പരിഗണിച്ചത്. അന്ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
രാവിലെ 11ന് കോടതി ചേര്‍ന്നെങ്കിലും വിധിപ്രസ്‌താവം വൈകിട്ട് മൂന്നിലേക്ക് മാറ്റി. പരാതിക്കാരിയായ യുവതി മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയ ഒക്‌ടോബര്‍ 11ന് ഒളിവില്‍ പോയ എംഎല്‍എ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
എംഎല്‍എ എവിടെയെന്ന് ആര്‍ക്കും അറിയില്ല. എംഎല്‍എക്കെതിരെ എന്തുകൊണ്ട് പാര്‍ട്ടി നടപടി എടുക്കുന്നില്ലെന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കിയതോടെയാണ് വിശദീകരണത്തിന് കെപിസിസി അന്ത്യശാസനം നല്‍കിയത്. ഒളിവിലാണ് എന്ന കാരണം പറഞ്ഞ് ഇക്കാര്യം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഈ മാസം 20ന് വിശദീകരണം നല്‍കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അറിയിക്കുകയായിരുന്നു.
വിശദീകരണത്തിനുള്ള അവസരം സ്വാഭാവിക നീതിയാണെന്നും അതിനുശേഷം നടപടി തീരുമാനിക്കുമെന്നും കെപിസിസി അറിയിച്ചിട്ടുണ്ട്. എംഎല്‍എയുടെ വിശദീകരണം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിക്ക് കൈമാറും. അച്ചടക്ക സമിതിയായിരിക്കും നടപടി കൈക്കൊള്ളുക.
സസ്‌പെന്‍ഷന്‍ ഉറപ്പാണെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനിടയില്ല. അത് കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് പാര്‍ട്ടി കരുതുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ എല്‍ദോസിന് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. ഇത് ഉപതെരഞ്ഞെടുപ്പിന് കാരണമാക്കുമെന്ന് മാത്രമല്ല, ഇത്തരമൊരു പ്രത്യേക സാഹചര്യത്തില്‍ പെരുമ്പാവൂരിലെ ജയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുമുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായതുകൊണ്ടാണ് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.