ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപം രാജ്യസഭയുടെ നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കി എളമരം കരീം എംപി. റൂള്‍ 267 പ്രകാരം വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തണമെന്നാണ് ആവശ്യം. പാര്‍ലമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളനത്തിന് ഇന്നാണ് തുടക്കമായത്.
കഴിഞ്ഞ രണ്ട് മാസമായി മണിപ്പൂരില്‍ കലാപം തുടരുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് ജീവഹാനിയുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയെങ്കിലും സംഘര്‍ഷങ്ങള്‍ക്ക് യാതൊരു അയവും വന്നിട്ടില്ല.
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനവും മണിപ്പൂര്‍ കലാപവും: 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നീക്കി തുടങ്ങിയ സാഹചര്യത്തിലാണ് പാര്‍ലമെന്‍റ് മണ്‍സൂണ്‍ കാല സമ്മേളനത്തിന് ഇന്ന് തുടക്കമായത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ അടക്കം 31 പ്രധാന ബില്ലുകളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുക.
ചര്‍ച്ചയ്‌ക്ക് തയ്യാര്‍: നിയമാനുസൃതമായ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു. അതേസമയം മണിപ്പൂര്‍ കലാപത്തെ കുറിച്ച് സമ്മേളനത്തില്‍ കാര്യമായ ചര്‍ച്ച തന്നെ വേണമെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനും സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി അറിയിച്ചിരുന്നു.
മണിപ്പൂര്‍ കലാപത്തെ കുറിച്ചുള്ള ചര്‍ച്ച വേണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് സഭ നടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീം ആവശ്യമുന്നയിച്ചത്. എളമരം കരീമിനെ കൂടാതെ ആംആദ്‌മി പാര്‍ട്ടി എംപി സഞ്ജയ് സിങ് അടക്കമുള്ള നിരവധി പ്രതിപക്ഷ എംപിമാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് സംബന്ധിച്ച് നോട്ടിസ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും വേണ്ട നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ നേതാക്കള്‍ ഉറച്ച് നില്‍ക്കുന്നത്.
സ്‌ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമം: മണിപ്പൂര്‍ കലാപത്തിനിടെ സ്‌ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവത്തില്‍ കാര്യമായ ചര്‍ച്ച വേണമെന്ന് ആവശ്യം നേതാക്കള്‍ കടുപ്പിച്ചത്. മെയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ നിരവധി പേര്‍ക്ക് ജീവഹാനിയുണ്ടായി. സംഘര്‍ഷ മേഖലയില്‍ നിന്നും നിരവധി പേര്‍ മറ്റിടങ്ങളിലേക്ക് കുടിയേറി.
വീഡിയോ നീക്കം ചെയ്യാന്‍ നിര്‍ദേശം: മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സ്‌ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്നത് സ്‌ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രൂരമായ മര്‍ദനത്തിന്‍റെ ദൃശ്യങ്ങളായിരുന്നു. അതേസമയം സ്‌ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മണിപ്പൂര്‍ പൊലീസ് അറിയിച്ചു.
Also Read: 'മണിപ്പൂര്‍ കലാപം രൂക്ഷമാക്കിയത് മോദിയുടെ മൗനവും നിഷ്‌ക്രിയത്വവും' ; ആഞ്ഞടിച്ച് രാഹുല്‍