തിരുവനന്തപുരം: ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മ പുതുക്കി കേരളത്തിലെ ഇസ്‌ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. മസ്‌ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകളും മൃഗങ്ങളെ ബലിയറുത്ത് മാംസ വിതരണവും ഉണ്ടാകും. പ്രവാചകനായ ഇബ്രാഹിം നബി ഏറെ നാള്‍ കാത്തിരുന്ന് ലഭിച്ച തന്‍റെ മകനെ അല്ലാഹുവിന് ബലിനല്‍കാന്‍ തയ്യാറായ ത്യാഗത്തിന്‍റെ ഓര്‍മ പുതുക്കിയാണ് വിശ്വാസികള്‍ വര്‍ഷം തോറും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
ഈദുല്‍ അള്‌ഹ എന്നും വലിയ പെരുന്നാള്‍ എന്നും ഹജ്ജ് പെരുന്നാള്‍ എന്നും ബലിപെരുന്നാളിനെ വിശേഷിപ്പിക്കാറുണ്ട്. ഏറെ നാളത്തെ പ്രാര്‍ഥനയ്‌ക്കൊടുവില്‍ വാര്‍ധക്യത്തിലാണ് പ്രവാചകനായ ഇബ്രാഹിം നബിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസ്‌മായില്‍ എന്ന തന്‍റെ ആ ഓമന പുത്രനെ ബലി നല്‍കാന്‍ ഒരിക്കല്‍ ഇബ്രാഹിമിന് ദൈവ കല്‍പന ലഭിക്കുന്നു.
തുടര്‍ന്ന് ഇബ്രാഹിം നബി തന്‍റെ മകനെ ബലി നല്‍കാന്‍ തയ്യാറാകുന്നു. എന്നാല്‍ ഇബ്രാഹിം നബിയുടെ സമര്‍പ്പണത്തെ അംഗീകരിക്കുകയും മകന് പകരം ആടിനെ ബലി നല്‍കാനുള്ള കല്‍പന ലഭിക്കുകയുമായിരുന്നു. ഈ വിശ്വാസത്തിലാണ് ബലിപെരുന്നാളിന് മൃഗങ്ങളെ ബലിയറുക്കുന്നത്. സ്വാര്‍ഥ താത്‌പര്യങ്ങള്‍ക്കുമപ്പുറം നന്മനിറഞ്ഞ ജീവിതം നയിക്കുന്നതിനുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.
ബലിപെരുന്നാള്‍ ആഘോഷം, സംസ്ഥാനത്ത് രണ്ട് ദിവസം അവധി: ബലി പെരുന്നാളിന് ഇത്തവണ രണ്ട് ദിവസം ആണ് സംസ്ഥാനത്ത് അവധി. ജൂണ്‍ 28ഉം, 29ഉം അവധിയായി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ജൂണ്‍ 27ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം.
ബലി പെരുന്നാളിന് നേരത്തെ തന്നെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരള മുസ്‌ലിം ജമാഅത്ത് ജൂണ്‍ 29ന് കൂടി അവധി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യം ഉന്നയിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ബലി പെരുന്നാളിന് ജൂണ്‍ 28ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പെരുന്നാള്‍ ദിനമായ 29നും അവധി നല്‍കണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് നിവേദനം നല്‍കിയത്.
ഈ സാഹചര്യത്തിലാണ് ജൂണ്‍ 27ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ പെരുന്നാള്‍ ദിവസം കൂടി അവധി അനുവദിക്കാന്‍ തീരുമാനമായത്. ജൂണ്‍ 28 നാണ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മുസ്‌ലിങ്ങള്‍ ദുല്‍ഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്‌ചയാണെന്ന് ഖാസിമാര്‍ ഐക്യകണ്‌ഠേന പ്രഖ്യാപിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കേരള മുസ്‌ലിം ജമാഅത്ത് മുഖ്യമന്ത്രി പിണറായി വിജയനോട് ജൂണ്‍ 29 കൂടി അവധി നല്‍കണമെന്ന് ആവശ്യം ഉന്നയിച്ചത്. പിന്നാലെയാണ് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്.