തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യ അലോട്ട്മെന്റിന് ശേഷം ആദ്യഘട്ട പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലപ്പുറത്ത് നിന്നുള്ള എംഎൽഎമാരുമായുള്ള കൂടിക്കാഴ്‌ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ പരിശോധന ഈ വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാവുമെന്നും പ്രത്യേക സമിതി രൂപീകരിച്ചാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
ബാച്ചുകളും സീറ്റുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം ആയിരിക്കും ഇത്. മൂന്നാം അലോട്ട്‌മെന്‍റിലൂടെ പ്രവേശനം നേടുന്നതിനുള്ള സമയം നാളെ (ഓഗസ്റ്റ് 25) 5 മണി വരെ നീട്ടി. പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്മെന്‍റിന് മുമ്പായി മാനേജ്‌മെന്റ് - അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്ട്മെന്‍റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്.
also read:പ്ലസ് വണ്‍ പ്രവേശനം : മൂന്നാം അലോട്ട്മെന്‍റ് നാളെ വൈകിട്ട് 5 മണി വരെ
പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ(ഓഗസ്റ്റ് 25) ആരംഭിക്കും. 3,08,000 കുട്ടികൾ ക്ലാസുകളിലെത്തും. മറ്റ് ക്ലാസുകളിലെ അക്കാദമിക പ്രവർത്തനങ്ങൾ തടസപ്പെടുത്താത്ത വിധം പ്ലസ് വൺ വിദ്യാർഥികളെ സ്വാഗതം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.